മോസ്‌കോ: റഷ്യയുടെ പുതിയ സൈനികരെ റിക്രൂട്ട്ചെയ്യുന്ന പദ്ധതി രണ്ടാഴ്‌ച്ചകൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പുടിൻ പറയുന്നു. 3 ലക്ഷം റിസർവ് സൈനികരെ ആയിരുന്നു നിയമിക്കാനാഗ്രഹിച്ചതെങ്കിൽ ഇതുവരെ 2,22,000 പേർ സൈന്യത്തിൽ ചേർന്നതായി അദ്ദേഹം വെളിപ്പെടുത്തി. അതിൽ 33,000 പേർ ഇതിനോടകം തന്നെ വിവിധ സൈനിക യൂണിറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്നും, 16,000 പേർ യുക്രെയിൻ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും പുടിൻ അറിയിച്ചു.
യുക്രെയിനിലെ യുദ്ധം ഇനി ഏറെ നാൾ നീണ്ടുനിൽക്കില്ലെന്നു, യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം തുടർന്നു. ഈ വാക്കുകൾ ലോകത്തിന്റെ ആശങ്ക ഏറ്റിയിരിക്കുകയാണ്. ആശങ്ക കൂടുതൽ കടുപ്പിക്കുവാനായി, നാറ്റോ അംഗരാജ്യമായ നോർവേയുടെ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം ബലപ്പെടുത്തി. നോർവേ അതിർത്തിയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയായി ആണവായുധങ്ങൾ വഹിക്കാൻ കെൽപുള്ള ബോംബർ വിമാനങ്ങളെ സജ്ജമാക്കി നിർത്തിയിരിക്കുകയാണ് റഷ്യ.
നോർവേ അതിർത്തിക്കടുത്തുള്ള കോൽസ്‌കിയിലെ ഒലേനിയ വ്യോമസേന ആസ്ഥാനത്തെ എയർ ബേസിൽ ഏഴ് ടി ഉ -160 വിമാനങ്ങളും നാല് ടി യു -95 വിമാനങ്ങളും ഊഴം കാത്തു കിടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായിട്ടുണ്ട്. രണ്ടു ദിവസം മുൻപ് ലഭിച്ച മറ്റൊരു ചിത്രത്തിൽ ടി യു -160 വിമാനങ്ങൾ പറന്നുയരാൻ തയ്യാറായി റൺവേയിൽ കിടക്കുന്ന ദൃശ്യവും ഉണ്ട്. ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ഭാരം വഹിക്കാൻ കഴിവുള്ള യുദ്ധവിമാനങ്ങളാണ് ടി യു -160. 12 ഹ്രസ്വദൂര മിസൈൽ വരെ ഇവക്ക് ഒറ്റയാത്രയിൽ വഹിക്കാൻ കഴിയും മാത്രമല്ല, വീണ്ടും ഇന്ധനം നിറക്കാതെ 12,070 കിലോമീറ്റർ പറക്കാനും കഴിയും.
അതേസമയം ക്രൂയിസ് മിസൈലുകളും വിപുലമായ ആണവായുധ ശേഖരവും വഹിക്കാൻ കഴിവുള്ളവയാണ് ടി യു – 95. ഫിൻലാൻഡ് അതിർത്തിയിലും റഷ്യൻ ബോംബറുകൾ വിന്യസിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതോടെ റഷ്യ കടുംകൈക്ക് മുതിരും എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. റഷ്യൻ സേന നിലവിൽ യുക്രെയിനിൽ കടുത്ത പരാജയം ഏറ്റുവാങ്ങുകയാണ്. അതിനെ മറികടക്കാൻ വ്യോമാക്രമണമാണ് ഇപ്പോൾ പുടിൻ ആശ്രയിക്കുന്നത്. എന്നാൽ അതും പ്രതീക്ഷിച്ചത്ര വിജയിക്കുന്നില്ല എന്ന തോന്നൽ റഷ്യൻ സൈനികർക്ക് ഇടയിൽ തന്നെയുണ്ട്.
അതുകൊണ്ടു തന്നെ ആത്യന്തികമായി ഒരു ആണവയുദ്ധത്തിലായിരിക്കും പുടിൻ അഭയം തേടുക എന്ന് പാശ്ചാത്യ യുദ്ധ നിരീക്ഷകരും കരുതുന്നു. അതുകൊണ്ടു തന്നെ നാറ്റോയും കരുതലെടുക്കുകയാണ്. വരുന്ന വെള്ളിയാഴ്ച മുതൽ ആണവ യുദ്ധ പരിശീലനം ആരംഭിക്കും എന്ന് നാറ്റോയും വെളിപ്പെടുത്തി. എന്നാൾ, ഇത് പതിവു പരിശീലന പരിപാടി മാത്രമാണെന്നാണ് നാറ്റോ അവകാശപ്പെടുന്നത്. ബെൽജിയത്തിനടുത്തുള്ള വടക്കൻ കടലിൽ ആയിരിക്കും 60 യുദ്ധവിമാനങ്ങൾ ഉൾപ്പടെയുള്ള സൈനിക വ്യുഹത്തിന്റെ പരിശീലനം നടക്കുക.
അതിനൊപ്പം അമേരിക്കൻ നിർമ്മിത മിസൈലുകൾ യൂറോപ്പിൽ പരീക്ഷിക്കുവാൻ ബ്രിട്ടനും തയ്യാറെടുക്കുകയാണ്. ഇപ്പോൾ നടക്കുന്ന പരിശീലനത്തിന് റഷ്യൻ യുദ്ധ നീക്കങ്ങളുമായി ബന്ധമില്ലെന്നും ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന ഇത് പതിവ് വാർഷിക പരിശീലനം മാത്രമാണെന്നുമാണ് നാറ്റൊയുടെ നിലപാട്. സഖ്യത്തിന്റെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുംകൃത്യതയോടെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കുന്ന പരിപാടിയാണ് വാർഷിക പരിശീലനം. 14 രാജ്യങ്ങളിൽ നിന്നുള്ള സൈനികർ പങ്കെടുക്കുന്ന പരിശീലനത്തിന് ഇത്തവണ ആതിഥേയത്വം അരുളുന്നത് ബെൽ-ജിയം ആണ്.
അതിനിടയിൽ നിന്നും യുക്രെയിനിലെ റഷ്യൻ ക്രൂരതയുടെ കൂടുതൽ വികൃതമുഖങ്ങൾ പുറത്തുവരികയാണ്. പരമ്പരാഗത യുദ്ധതന്ത്രങ്ങളിൽ വിജയം കണ്ടെത്താനാകാതെ വലയുന്ന റഷ്യൻ സൈനികർ ഇപ്പോൾ ബലാത്സംഗം ഒരു ആയുധമായി പ്രയോഗിക്കുവാൻ ആരംഭിച്ചു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരകളെ മാനസികമായും ശാരീരികമായും തകർക്കാനുള്ള നീച തന്ത്രം എന്നായിരുന്നു ഇതിനെ യു എൻ പ്രതിനിധി പ്രമിള പട്ടെൻ വിശേഷിപ്പിച്ചത്.
വയാഗ്ര പോലുള്ള ലൈംഗികോത്തേജന മരുന്നുകളുമായി റഷ്യൻ സൈനികർ കാമപൂർത്തിക്കായി ആക്രമിക്കുന്നവരിൽ നാല് വയസ്സുള്ള പെൺകുട്ടികൾ പോലുമുണ്ടെന്നും ലൈംഗിക പീഡനങ്ങൾക്കെതിരെയുള്ള യു എൻ പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധി എ എഫ് പിയോട് പറഞ്ഞു. പെൺകുട്ടികളും സ്ത്രീകളും മാത്രമല്ല, പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും റഷ്യൻ സൈന്യത്തിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായവരിൽ ഉൾപ്പെടുന്നു എന്നും ഇവർ പറയുന്നു.
ഇരകളായ പലരുമായി സംസാരിച്ചതിൽ നിന്നും വ്യക്തമാകുന്നത്, റഷ്യൻ സൈന്യം ലൈംഗിക പീഡനം ഒരു ആയുധമായി സ്വീകരിച്ചിരിക്കുന്നു എന്നാണെന്നും യു എൻ പ്രതിനിധി പറയുന്നു. പലയിടങ്ങളിലും പ്രായപൂർത്തിയായ പുരുഷന്മാർ പോലും ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഒരു ജനതയുടെ മനോവീര്യം തകർക്കുക എന്നതാണ് ഇത്തരം തന്ത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നും യു എൻ പ്രതിനിധി പറഞ്ഞു.