സമൂഹമാധ്യമങ്ങളില്‍ ഓരോ ദിവസവും നൂറുകണക്കിന് വീഡിയോകളാണ് വരാറുള്ളത്. ഇവയില്‍ അറിവ് പകരുന്നതും കൗതുകം ജനിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ദുഃഖം സമ്മാനിക്കുന്നതും ഒക്കെയായ നിരവധി വീഡിയോകള്‍ ഉള്‍പ്പെടുന്നു. മിക്കപ്പോഴും ചില വീഡിയോകള്‍ എങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിനും ഇടയാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തില്‍ നിന്നാണെന്ന് കരുതുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. യാത്രക്കാര്‍ക്കും എന്തിനേറെ എയര്‍ഹോസ്റ്റസുമാര്‍ക്ക് പോലും പ്രവേശനമില്ലാത്ത വിമാനത്തിന്റെ കോക്പിറ്റില്‍ സഹ പൈലറ്റിന്റെ സീറ്റില്‍ ഏഴു വയസ്സില്‍ അധികം പ്രായം തോന്നിക്കാത്ത ഒരു ആണ്‍കുട്ടി ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്.
കോ-പൈലറ്റിന്റെ സീറ്റില്‍ ഏവിയേഷന്‍ ഹെഡ്സെറ്റ് ധരിച്ച് സ്റ്റിയറിംഗ് വീല്‍ പിടിച്ചാണ് കുട്ടി ഇരിക്കുന്നത്. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതും വീഡിയോയില്‍ ഉണ്ട്. ഒരൊറ്റ എഞ്ചിന്‍ മാത്രമുള്ള വിമാനമാണ് ഇതെന്നാണ് കരുതുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്രസ്വ യാത്രയ്ക്കും പരിശീലന ആവശ്യങ്ങള്‍ക്കുമാണ് ഈ വിമാനം സാധാരണയായി ഉപയോഗിക്കുന്നത്.
കുട്ടി ആരാണെന്നോ, വിമാനത്തിന്റെ കോക്റ്റിനുള്ളില്‍ സഹ പൈലറ്റിന്റെ സീറ്റില്‍ ഇരിക്കാന്‍ അവസരം നല്‍കിയത് ആരാണെന്നോ ഉള്ള കാര്യം വ്യക്തമല്ല. പക്ഷേ വ്യാപകമായ രീതിയില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഒരു അവസരം കുഞ്ഞിന് ഒരുക്കി നല്‍കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
കുട്ടിയുടെ ഏറ്റവും ചെറിയ പിഴവ് പോലും അവന്റെയും സഹ പൈലറ്റിന്റെയും മറ്റും സുരക്ഷ അപകടത്തില്‍ ആക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ളപ്പോഴാണ് കുഞ്ഞിന് കോക്പിറ്റില്‍ കയറാന്‍ ബന്ധപ്പെട്ട അധികൃതര്‍ അവസരം നല്‍കിയതെന്നാണ് ട്വിറ്ററില്‍ ഉയര്‍ന്ന ഒരു വിമര്‍ശനം.
അതിനിടെ, കോക്പിറ്റില്‍ ഇരിക്കുന്ന കുട്ടി ഏതോ രാഷ്ട്രീയനേതാവിന്റെ കുടുംബത്തില്‍ പെട്ടയാളാണെന്നും പ്രചാരണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിജിസിഎയില്‍ പരാതി നല്‍കിയതായും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.