കൊച്ചി: ഞാറക്കലിലെ സി.പി.ഐ ഓഫീസ് ആക്രമണത്തിൽ സി.പി.എം ഏര്യാ സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് വൈപ്പിനിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് സി.പി.എം പ്രവർത്തകർ ആക്രമിച്ചത്.
ആക്രമണത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. സി.പി.ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.എ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്. പാർട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. എൽ.ഡി.എഫിൽ പരാതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് -സി.പി.ഐ സഖ്യമാണ് ഞാറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഫലം പുറത്തുവന്നതിന് പിന്നാലെ സി.പി.എം പ്രവർത്തകർ പ്രകടനവുമായി എത്തി കൊടിമരവും ഫ്ലക്സും തകർത്തു. ഓഫീസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിക്കുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്‌തു.
സി പി എം തിരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് എമ്മുമായി സഖ്യം ചേർന്നിരുന്നു. ഇക്കാര്യം ഘടകകക്ഷിയായ സി.പി.ഐയോട് കൂടിയാലോചന നടത്തിയിരുന്നില്ല. പിന്നാലെയാണ് തുടർന്നാണ് സി.പി.ഐ കോൺഗ്രസുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്.