തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കിനെക്കാൾ അധികം വെള്ളം ഡാമിൽ നിന്നും കൊണ്ടുപോകുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയയച്ചു.
ജലനിരപ്പ് അനുവദനീയമായ പരിധി കടക്കുന്ന പക്ഷം അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം ഉണ്ടായാൽ കുറഞ്ഞത് 24 മണിക്കൂർ മുൻപ് ഇത് സംബന്ധിച്ച വിവരം കേരളസർക്കാരിനു നൽകണം. അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായി മാറ്റുവാൻ ഇത്തരത്തിൽ 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ സജീവമാണ്. പല ജില്ലകളിലും റെഡ് അല്ലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളിലെ ജല നിരപ്പും ഇതോടൊപ്പം ഉയരുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇതിനകം 135. 75 അടി ആയിക്കഴിഞ്ഞു. മഴ ഇനിയും ശക്തമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മഴയും നീരൊഴുക്കും തുടരുന്നതിനാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നേക്കാം. ഇത് നേരിടുവാൻ തമിഴ്നാട് അടിയന്തിരമായി ഇടപെടണം.
ഡാമിൽ നിന്ന് പരമാവധി കൊണ്ടുപോകാവുന്ന വെള്ളം തമിഴ്നാട് കൊണ്ടുപോകുകയാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന നില ഒഴിവാക്കാനും ജലനിരപ്പ് സുരക്ഷിതമായ പരിധിയിൽ നിർത്തുവാനുമുള്ള പോംവഴിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു
മുല്ലപ്പെരിയാർ ഡാമിലെ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കാൻ സാദ്ധ്യത
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുമെന്നും ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുണ്ടെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിലവിൽ 136 അടിയായിട്ടുണ്ട്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 6931 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് 2016 ഘനയടിയും ആക്കി.