പത്തനംതിട്ട: ജില്ലയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ച വര്‍ദ്ധിച്ച മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് നാലിന്(4-08-22) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
സംസ്ഥാനത്ത് മഴ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ നാളെയും പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്തെ നാല്് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട ജില്ലകളിലാണ് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തന്നെ ചില ജില്ലകളിലെ താലുക്കുകളിലും നാളെ അവധിയായിരിക്കും. എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലും തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോട്ടയം കളക്ടറുടെ അറിയിപ്പ്
തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു.
ആലപ്പുഴ കളക്ടറുടെ അറിയിപ്പ്
പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന് അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ.
ഇടുക്കി കളക്ടറുടെ അറിയിപ്പ്
കനത്ത മഴ തുടരുന്നതിനാലും, അലെര്‍ട്ട് നിലനില്‍ക്കുന്നതിനാലും ഇടുക്കി ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, CBSE / ICSE സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ (04/08/2022) അവധി ആയിരിക്കുന്നതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
എറണാകുളം കളക്ടറുടെ അറിയിപ്പ്
കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 04/08/22 വ്യാഴം അവധിയായിരിക്കും. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 04/08/22 വ്യാഴം അവധിയായിരിക്കും.
തൃശൂര്‍ കളക്ടറുടെ അറിയിപ്പ്
ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴ തുടരുന്ന ചാലക്കുടി താലൂക്കിലെ അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വ്യാഴം) അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് നാലിന് അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകളുൾപ്പടെഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു.