ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാഗ്വാദം. രാഷ്ട്രപതിക്കെതിരെ കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരി മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ സഭ നിർത്തിവച്ചു.
സഭയിലുണ്ടായിരുന്ന സോണിയ ഗാന്ധി മടങ്ങിപ്പോകാനൊരുങ്ങവെ, ബിജെപി അംഗങ്ങൾ അവർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതോടെ തിരിച്ചു നടുത്തളത്തിലേക്ക് ഇറങ്ങിവന്ന സോണിയ ഭരണപക്ഷത്തേക്കു ചെന്നു. സോണിയയുടെ കൂടെ രണ്ടു കോൺഗ്രസ് എംപിമാരും ഉണ്ടായിരുന്നു.
ബിജെപിയിലെ മുതിർന്ന അംഗം രമാദേവിയോട് അധീർ രഞ്ജൻ ചൗധരി മാപ്പു പറഞ്ഞിട്ടും എന്തിനാണ് തന്നെ അധിക്ഷേപിക്കുന്നത് എന്ന് ചോദിച്ചു. ഇരുവരും സംസാരിക്കുന്നതിനിടെ മന്ത്രി സ്മൃതി ഇറാനി മുന്നോട്ടു കുതിച്ചെത്തി. ബിജെപി എംപിമാരെ ഭീഷണിപ്പെടുത്താനാണോ ശ്രമം എന്ന് സ്മൃതി സോണിയയോടു ചോദിച്ചു.
സോണിയ കടുത്ത സ്വരത്തിൽ തിരിച്ചടിച്ചതോടെ ബഹളമായി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും മുഖാമുഖം നിന്നതോടെ സഭാ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഇടയ്ക്കു കയറി. പിന്നീട് എൻസിപി നേതാവ് സുപ്രിയ സുളെ, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവർ സോണിയയെ പുറത്തേക്കു കൊണ്ടുപോയി.
ബഹളം നടക്കുന്നതിനിടെ പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി ബിജെപി എംപിമാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.