ചെന്നൈ:തമിഴകത്തിന്റെ നടിപ്പിൻ നായകനാണ് സൂര്യ. നാൽപത്തിയേഴുകാരനായ സൂര്യയുടെ ജീവിതത്തിലെ ഏറ്റവും നല്ലൊരു പിറന്നാളായിരുന്നു കഴിഞ്ഞദിവസം. അതിന് കാരണം 26 വർഷത്തെ സിനിമാ ജീവിതത്തിനിടെ ആദ്യമായി ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്കാരം തന്നെയാണ്.
സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനമാണ് സൂര്യക്ക് പുരസ്കാരം നേടികൊടുത്തത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് വിജയ് രൂപത്തിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾ പോലെ സൂര്യയും തന്റെ പൊക്കത്തിന്റെ പേരിലും ഡാൻസിന്റെ പേരിലും അഭിനയത്തിന്റെ പേരിലും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
എന്തിനേറെ സ്വന്തം അച്ഛൻ പോലും നിർമാതാക്കളോട് പറഞ്ഞിട്ടുണ്ട് തന്റെ മകന് അഭിനയിക്കാൻ അറിയില്ലെന്ന്. അവിടെ നിന്നുമാണ് സൂര്യ എന്ന നടന്റെ വളർച്ച ആരംഭിച്ചത്. തന്റെ കഥാപാത്രം നന്നാകാൻ ഏതറ്റം വരെയും പോകാനുള്ള മനസും കഠിന പ്രയത്നവുമാണ് സൂര്യ എന്ന നടന്റെ വിജയത്തിന്റെ രഹസ്യം.
വാരണം ആയിരം എന്ന ഒറ്റ ചിത്രം മാത്രം മതി സൂര്യയടെ ഡെഡിക്കേഷൻ മനസിലാക്കാൻ. അതുപോലെ ഡാൻസ് കളിക്കാൻ അറിയാത്ത സൂര്യ കഷ്ടപ്പെട്ട് പ്രയത്നിച്ച് തന്റെ ഡാൻസ് നന്നാക്കി വിമർശകരുടെ വായടപ്പിച്ചു.
നടൻ സൂര്യയേക്കാളും ഒരുപടി മുമ്പിൽ സ്നേഹവും ആദരവും ആരാധകർക്ക് തോന്നിയിരിക്കുന്നത് സാധാരണക്കാരൻറെ പ്രശ്നങ്ങളിലേക്കും ജീവിതത്തിലേക്കും ഇറങ്ങി ചെല്ലുന്ന സൂര്യയോടാണ്.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സൂര്യയുടെ പിതാവ് നടൻ ശിവകുമാർ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗായത്രി എന്ന പെൺകുട്ടിയെ ചേർത്ത് പിടിച്ച് കരഞ്ഞ സൂര്യയെ ആരും മറന്ന് കാണില്ല.
അഗരം ഫൗണ്ടേഷന്റെ പത്താം വാർഷിക ആഘോഷ ചടങ്ങിൽ സൂര്യയുടെ പിതാവായ ശിവകുമാർ പറഞ്ഞതും ശ്രദ്ധേയമായിരുന്നു.തന്റെ മകൻ നൂറ് കണക്കിന് സിനിമകളിൽ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്താലും യഥാർഥ വ്യക്തിത്വം അഗരം ഫൗണ്ടേഷന്റെ സ്ഥാപകൻ എന്നായിരിക്കുമെന്നാണ് ശിവകുമാർ പറഞ്ഞത്.
ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന സൂര്യയ്ക്ക് ഇന്ത്യൻ സിനിമയൊന്നാകെ ആശംസകൾ നേരുന്നുണ്ട്. ഫോർബ്സ് പറയുന്നതനുസരിച്ച് സൂര്യയുടെ ആസ്തി ഏകദേശം 186 കോടി രൂപയാണ്.
ഏകദേശം 2022 ലെ കണക്കനുസരിച്ച് ഇത് ഏകദേശം 25 മില്യൺ ഡോളറാണ്. ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് സൂര്യ.
അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം ഏകദേശം 1.5 കോടി രൂപയാണ്. 20 കോടി മുതൽ 25 കോടി രൂപ വരെയാണ് താരം പ്രതിഫലമായി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ ബ്രാൻഡ് പ്രമോഷൻ, ടിവി പരസ്യങ്ങൾ എന്നിവയിൽ നിന്നും അദ്ദേഹം കോടികൾ സമ്പാദിക്കുന്നു.
ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിനായി അദ്ദേഹം ഏകദേശം 2 കോടി രൂപയാണ് ഈടാക്കുന്നത്. താരത്തിന്റെ വാർഷിക വരുമാനം 30 കോടിയിലേറെയാണെന്നാണ് റിപ്പോർട്ട്.2006ൽ നടി ജ്യോതികയെ പ്രണയിച്ച് വിവാഹം ചെയ്ത സൂര്യയ്ക്ക് ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.
ചെന്നൈയിലെ പ്രശസ്തമായ ലയോള കോളജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ സൂര്യ ബിരുദം നേടിയിട്ടുണ്ട്. വളരെ ആഡംബര ജീവിതമാണ് സൂര്യ നയിക്കുന്നത്. ചെന്നൈയിലെ പോഷ് ഏരിയയിൽ ഒരു വിലകൂടിയ അത്യാഢംബര വസതി സ്വന്തമാക്കി കുടുംബത്തോടൊപ്പം താരം താമസിക്കുന്നു.2009 ലാണ് താരം ഈ വസതി സ്വന്തമാക്കിയത്. വേറെയും നിരവധി ആഡംബര വസതികൾ സൂര്യയുടെ ഉടമസ്ഥതയിലുണ്ട്.
ആഡംബര കാറുകളോടും സ്പോർട്സിനോടും കമ്പമുള്ള വ്യക്തി കൂടിയാണ് സൂര്യ. ബിഎംഡബ്ല്യു 7 സീരീസ് 730എൽഡി, ഓഡി ക്യു7, മെഴ്‌സിഡസ് ബെൻസ് എം-ക്ലാസ്, ജാഗ്വാർ എക്സ്ജെ എൽ എന്നിവ താരത്തിന്റെ ഗാരേജ് ഭരിക്കുന്നുണ്ട്.