കണ്ണൂർ: ഇടുക്കി എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് ആവർത്തിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. ധീരജിന്റെ കുടുംബത്തെ വേദനിപ്പിക്കാൻ വേണ്ടിയല്ല തന്റെ പരാമർശം. കേസിലെ പ്രതിയായ നിഖിൽ പൈലിയെ കൊലപ്പെടുത്താൻ ശ്രമിക്കവേയാണ് ധീരജിന് കുത്തേറ്റത്. പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ഞാൻ ഈ പറഞ്ഞ വാക്ക് ഒരു കുടുംബത്തെയോ ആരെയെങ്കിലുമോ വേദനിപ്പിക്കാനല്ല. ഇരന്നുവാങ്ങിയ മരണമെന്ന് പറയാൻ എന്താണ് കാരണം? അവൻ (നിഖിൽ പൈലി) അവരെ വെട്ടാനോ കുത്താനോ വന്നവനല്ലല്ലോ. അവൻ എസ്.എഫ്.ഐയുടെ കുട്ടിയെ, ധീരജിനെ വെട്ടാനും കുത്താനും വന്നവനായിരുന്നെങ്കിൽ ഓടേണ്ടല്ലോ?. ഓടിരക്ഷപ്പെടാൻ ശ്രമിച്ചില്ലേ. എതാണ്ട് ഒന്ന് -രണ്ടര കിലോമീറ്റർ അവൻ ഓടിയില്ലേ? ഓടി അവൻ ക്ഷീണിച്ച് വീണില്ലേ. ആ വീണിടത്ത് വെച്ചല്ലേ അവന് (ധീരജിന്) കുത്തുകൊണ്ടത്.
ഞങ്ങൾ മനസ്സിലാക്കുന്നത്, ഒരു അസെസ്മെന്റ് പറയുകയാണ്- നിഖിൽ പൈലി വീഴുന്നു. നിഖിൽ പൈലി അങ്ങോട്ട് കുത്താൻ പോയോ? നിഖിൽ പൈലി ഓടിയോടി വീണവനാണ്. അവൻ എവിടെ കുത്തി? അതാണ് ചോദ്യം. അങ്ങനെ ഓടിച്ചില്ലെങ്കിൽ അങ്ങനെ ഒരു കൊലപാതകമുണ്ടാകുമോ’, സുധാകരൻ ചോദിച്ചു.
മുൻപെങ്ങും കാണാത്തവിധം കോൺഗ്രസ് ഊർജസ്വലമാണെന്നും സുധാകരൻ പറഞ്ഞു. സമരമുഖങ്ങളിൽ യുവപ്രാതിനിധ്യം വർധിച്ചു. എല്ലാ കാര്യങ്ങളും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സമരം ഊർജിതമാക്കുമെന്നും സുധാകരൻ പറഞ്ഞു.