കോട്ടയം: പ്ലസ് വണ്‍ പരീക്ഷയുടെ അവസാനദിവസം അന്നു യാത്രയായി. മൃതദേഹം ബുധനാഴ്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍, പരീക്ഷ കഴിഞ്ഞ് അന്നുവിനെ ഒരുനോക്ക് കാണാന്‍ സഹപാഠികളും അധ്യാപകരും ഓടിയെത്തി.
തങ്ങളുടെ പ്രിയങ്കരിയായ വിദ്യാര്‍ഥിനിയും സഹപാഠിയുമായ അന്നുവിന്‍റെ അപ്രതീക്ഷിത വിയോഗം അധ്യാപകരെയും സുഹൃത്തുക്കളെയും ഒരുപോലെ സങ്കടക്കടലിലാഴ്ത്തി. നിരവധിപേരാണ് അന്നുവിനെ അവസാനനോക്ക് കാണാന്‍ വീട്ടിലും സ്‌കൂളിലുമായി എത്തിയത്.
തിങ്കളാഴ്ച രാവിലെ പരീക്ഷക്ക് സഹോദരനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് കൊല്ലാട് വടവറയില്‍ അലിയുടെ മകള്‍ അന്നു സാറാ അലിയുടെ (16) ജീവന്‍ കവര്‍ന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെയാണ് പരിക്കേറ്റ സഹോദരനും ചികിത്സയില്‍ കഴിയുന്നത്.
ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥിനിയായിരുന്നു അന്നു. അവസാനദിവസ പരീക്ഷ കഴിഞ്ഞ് 12.30ഓടെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ കണ്ണീരോടെയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന്, സംസ്‌കാരം വൈകീട്ട് നാലോടെ കഞ്ഞിക്കുഴി ദ പെന്തക്കോസ്ത് മിഷന്‍ പള്ളി സെമിത്തേരിയില്‍ നടന്നു.