മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി മറികടക്കാൻ വിമതരെ പിളർത്താനുള്ള നീക്കവുമായി ഉദ്ധവ് പക്ഷം. ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി സമ്പർക്കം പുലർത്തുന്നുവെന്നാണ് സൂചന. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. ഇതോടെ 9 മന്ത്രിമാർ ഷിൻഡേക്ക് ഒപ്പമായി. ഏകനാഥ് ഷിൻഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി മറുകണ്ടം ചാടിയത്.
വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിൽ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തിൽ അവശേഷിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി.
അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവായി. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ് ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഷിൻഡെയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. അതിനിടെ വിമത എംഎൽമാരിൽ ഒരാളുടെ പിറന്നാൾ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ നടന്നു.
അസമിലെ വിവിധ ബിജെപി മന്ത്രിമാരും വിമതരുമായി ചർച്ചകൾ തുടരുകയാണ്. നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാർ ആശങ്കയിലാണ്. നിലനിൽപ്പിനായുള്ള തീരുമാനമെടുക്കാൻ ഏകനാഥ് ഷിൻഡെക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് വിമതർ.