ന്യൂഡൽഹി: 5ജി നെറ്റ്‌വർക്ക് സേവനം ഈവർഷം തന്നെ ഇന്ത്യയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജൂലായ് അവസാനം സ്‌പെക്‌ട്രം ലേലം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം അനുമതി നൽകി. സേവനദാതാക്കളായ ഭാരതി എയർടെൽ, വീ, റിലയൻസ് ജിയോ എന്നിവ ലേലത്തിൽ പങ്കെടുക്കാനും തുടർന്ന് 5ജി സേവനം ലഭ്യമാക്കാനുമുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. 4ജിയേക്കാൾ 10 മടങ്ങ് വേഗമാണ് 5ജിയുടെ മുഖ്യ സവിശേഷത.
ആദ്യഘട്ടം 13 നഗരങ്ങളിൽ
പരീക്ഷണാടിസ്ഥാനത്തിൽ ടെലികോം കമ്പനികൾ 5ജി സേവനം ലഭ്യമാക്കിയ 13 നഗരങ്ങളിലാവും തുടക്കത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ലഭ്യമാവുക. ഡൽഹി, മുംബയ്, കൊൽക്കത്ത, ലക്‌നൗ, പൂനെ, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഢ്, അഹമ്മദാബാദ്, ഗുരുഗ്രാം, ജാംനഗർ, ഗാന്ധിനഗർ, ബംഗളൂരു എന്നിവയാണവ.
20 വർഷക്കാലാവധിയുള്ള 72 ജിഗാഹെട്‌സ് സ്‌പെക്‌ട്രമാണ് ലേലത്തിനുള്ളത്. ഇതിൽ 600 മുതൽ 2300 വരെയുള്ള ലോ ബാൻഡും 3,300 മെഗാഹെട്‌സ് ഇടത്തരം (മിഡ്) ബാൻഡും 26 ജിഗാഹെട്‌സിന്റെ ഹൈ ബാൻഡും ഉൾപ്പെടുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാർശ ചെയ്‌ത ഇളവോടെ 317 കോടി രൂപ അടിസ്ഥാനവിലയ്ക്കായിരിക്കും ലേലം. ഇതുപ്രകാരം ലേലത്തിന്റെ മൊത്തം വില്പനമൂല്യം 4.5 ലക്ഷം കോടി രൂപയാണ്. തുക 20 തുല്യഗഡുക്കളായി ഓരോവർഷത്തിന്റെയും തുടക്കത്തിൽ മുൻകൂറായി അടയ്ക്കാം. ബാക്കിവർഷത്തെ ബാദ്ധ്യകളില്ലാതെ പത്തുവർഷത്തിന് ശേഷം സ്‌പെക്‌ട്രം തിരിച്ചേൽപ്പിക്കാനും ഓപ്‌ഷനുണ്ട്.
അടിസ്ഥാനവില ടെലികോം കമ്പനികൾ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതലായതിനാൽ 1.10 ലക്ഷം കോടി രൂപയുടെ വരെ സ്‌പെക്‌ട്രം ലേലം ചെയ്യപ്പെടാനേ സാദ്ധ്യതയുള്ളൂവെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു.
4ജിയേക്കാൾ 10 മടങ്ങ് വേഗം
4ജിയേക്കാൾ 10 മടങ്ങ് വേഗമാണ് 5ജിയുടെ മുഖ്യ സവിശേഷത. സിനിമകളും മറ്റും അതിവേഗം ഡൗൺലോഡ് ചെയ്യാം. ലൈവ് സ്‌ട്രീമിംഗ് സുഗമമാകും. വിർച്വൽ റിയാലിറ്റി ഗെയിമിംഗ് കൂടുതൽ ആസ്വാദ്യമാകും. മൊബൈൽഫോൺ മുഖേന വോയിസ് കൺട്രോളിലൂടെ അകലെനിന്ന് തന്നെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി) അധിഷ്‌ഠിതസൗകര്യം ഏറെ എളുപ്പമാകും.
5ജിയും ഇന്ത്യയും
ലോംഗ്ടേം എവൊല്യൂഷൻ സ്‌റ്റാൻഡേർഡിലാണ് (എൽ.ടി.ഇ) മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നത്. ഇതിന്റെ അഞ്ചാംതലമുറയാണ് 5ജി.
സ്വന്തമായി വികസിപ്പിച്ച 5ജിയാണ് ഇന്ത്യയ്ക്കുള്ളത്. മെയ്ഡ് ഇൻ ഇന്ത്യ 5ജി (‘5ജിഐ”) ടെക്‌നോളജിയാണിത്.
79 കോടി 4ജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.
2027ഓടെ 5ജി ഉപഭോക്താക്കൾ 50 കോടിയാകും
ലേലവും സേവനവും
ലോ, മിഡ്, ഹൈ ബാൻഡ് സ്‌പെക്‌ട്രത്തിന് അനുസരിച്ച് 5ജി സേവനത്തിന്റെ വേഗം വ്യത്യാസപ്പെടും. ലോ ബാൻഡിന് കുറഞ്ഞവേഗവും ഹൈ ബാൻഡിന് ഉയർന്ന വേഗവുമാണുണ്ടാവുക. അതേസമയം, ലോ ബാൻഡിന്റെ കവറേജ് ഏരിയ വിശാലവും ഹൈ ബാൻഡിന്റേത് കുറവുമായിരിക്കും.
6ജിയും വൈകില്ല
ഈ ദശാബ്ദത്തിൽ തന്നെ 6ജി സേവനം ലഭ്യമാക്കാനുള്ള ടാസ്‌ക്ഫോഴ്സിന് പ്രധാനമന്ത്രി നരേന്ദ്രമോദി രൂപംനൽകിയിട്ടുണ്ട്.
ആദ്യം കൊറിയ
ദക്ഷിണ കൊറിയയാണ് 5ജി സേവനം ലഭ്യമാക്കിയ ആദ്യ രാജ്യം; 2019ൽ. നിലവിൽ അമേരിക്ക, യു.കെ., ഫിലിപ്പൈൻസ്, കാനഡ, സ്‌പെയിൻ, ഇറ്റലി, ജർമ്മനി, സൗദി അറേബ്യ തുടങ്ങിയവയും 5ജി ഉപയോഗിക്കുന്നു.