CrimeKeralaNews

യുവതിയെ ഇരുമ്പുവടികൊണ്ടടിച്ച് കൊന്ന്, തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങി ഭർത്താവ്; ഒരു ചുമരിനപ്പുറം താമസിക്കുന്നവർ പൊലും ഒന്നുമറിഞ്ഞില്ല

കൊല്ലം: ഇരവിപുരത്ത് ഇരുമ്പുവടികൊണ്ട് ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. ഇരവിപുരം ചന്തയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഈശ്വരി (27) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മുരുകനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നൽകുന്ന ജോലി ചെയ്യുന്നയാളാണ് മുരുകൻ. ഈശ്വരി സമീപത്തെ കടകളിൽ സഹായിയായി ജോലി ചെയ്തിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.


പ്രതി മദ്യപിച്ച് സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. വീട്ടുചെലവിനായി പണമൊന്നും നൽകിയിരുന്നില്ല. ഈശ്വരിയായിരുന്നു കുടുംബം നോക്കിയിരുന്നത്. ശനിയാഴ്ച വൈകിട്ട് ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പോയത്.

ബന്ധുക്കൾ ഞായറാഴ്ച രാവിലെ ഈശ്വരിയെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. സുഹൃത്ത് അമ്പിളിയും വിളിച്ചിരുന്നു. കിട്ടാതായതോടെ ഈശ്വരിയുടെ വീട്ടിലേക്ക് പോയി. ഇവിടെയെത്തുമ്പോൾ വാതിൽ തുറന്നിട്ട് കിടക്കുകയായിരുന്നു. അകത്തേക്ക് ചെന്നുനോക്കിയപ്പോഴാണ് കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സമയം തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മുരുകൻ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് ഈശ്വരി കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിയുന്നത്. ഇവർ താമസിച്ചിരുന്ന വാടക വീടിന്റെ മറുഭാഗത്ത് താമസിച്ചവർ പോലും ഒന്നുമറിഞ്ഞില്ല. തമിഴ്നാട് സ്വദേശികളായ ഈശ്വരിയും കുടുംബവും വർഷങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. യുവതി ഇരവിപുരത്താണ് പഠിച്ചത്.

മുരുകൻ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം മറിച്ചുവച്ചാണ് ഈശ്വരിയെ വിവാഹം കഴിച്ചത്. പ്രതിക്ക് യുവതിയെ സംശയമായിരുന്നു. മറ്റുള്ളവരുമായി ഫോണിൽ സംസാരിക്കുന്നത് വിലക്കിയിരുന്നു. കൂടാതെ മാസങ്ങൾക്ക് മുമ്പ് ഇയാൾ കത്തികൊണ്ട് ഈശ്വരിയുടെ വയറ്റിൽ കുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button