CrimeHome-bannerPolitics

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസെടുത്തു

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി സെക്‌ഷന്‍‍‍ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പിണറായി വിജയൻ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമർശം. ഇതിനെതിരെ സിപിഎം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരൻ അറിയിച്ചിരുന്നു.

വിവാദമായ പ്രസ്താവന ഇങ്ങനെ‌:

‘ഹാലിളകിയത് ഞങ്ങൾക്കല്ല, അദ്ദേഹത്തിനാണ്. ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടോ? പറഞ്ഞു മനസിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാൾ ഇറങ്ങി നടക്കുകയല്ലേ?’– സുധാകരന്റെ വാക്കുകൾ.

മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എൽഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടുമെന്നും സുധാകരൻ പറഞ്ഞു. 

സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നിൽക്കുകയാണ്. സർക്കാരിൻ്റെ കയ്യിൽ പണമില്ല. കെഎസ്ആർടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിൽ ഉപയോഗിച്ച പ്രയോഗമാണ്. 
പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയിൽ ഭരണ സംവിധാനം സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരൻ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button