ചെന്നൈ: ഷവര്‍മ പാശ്ചാത്യ ഭക്ഷണമാണെന്നും ഇന്ത്യന്‍ ഭക്ഷണരീതിയുടെ ഭാഗമല്ലെന്നും അത് കഴിക്കുന്നത് ഒഴിവാക്കണമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. മറ്റ് നല്ല ഭക്ഷണങ്ങള്‍ ലഭ്യമാണെന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഷവര്‍മ കഴിച്ച് കേരളത്തില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും കേരളത്തിലും തമിഴ്‌നാട്ടിലും ഏതാനും പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
‘ഷവര്‍മ ഒരു പാശ്ചാത്യ ഭക്ഷണമാണ്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അവരുടെ കാലാവസ്ഥാ സാഹചര്യങ്ങളാല്‍ ഇത് യോജിച്ചതാകാം. ആ രാജ്യങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കു പോകാറുണ്ട്. അതിനാല്‍ തന്നെ ഭക്ഷണ സാധനങ്ങള്‍ പുറത്ത് സൂക്ഷിച്ചാല്‍ പോലും കേടാവില്ല. ശരിയായി ശീതീകരിച്ച് സൂക്ഷിച്ചില്ലെങ്കില്‍ മാംസം കേടുവരാനിടയുണ്ട്. കേടായ മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും’, മാ സുബ്രഹ്മണ്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ഷവര്‍മ കടകള്‍ക്ക് ശരിയായ സംഭരണ സംവിധാനങ്ങളില്ലെന്നും പൊടിപടലങ്ങള്‍ നേരിട്ട് ഏല്‍ക്കുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് താല്പര്യമുണ്ടെന്ന കാരണത്താല്‍ പല കടകളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് വില്പന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഭക്ഷണം നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കരിച്ച മാംസം വില്‍ക്കാനുള്ള അനുമതിയുണ്ടോ എന്ന് പോലും ഇത് വില്ക്കുന്നവര്‍ ചിന്തിക്കാറില്ല. കച്ചവടചിന്ത മാത്രമേ അവര്‍ക്കുള്ളൂ. പരാതികളെ തുടര്‍ന്നു സംസ്ഥാനത്തുടനീളം പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോടു നിര്‍ദേശിച്ചുവെന്നും ആയിരത്തോളം കടകള്‍ അടപ്പിക്കുകയോ പിഴ ചുമത്തുകയോ ചെയ്തുവെന്നും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.