ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് സുപ്രീം കോടതി. ഭരണഘടനാപരമായ വ്യവസ്ഥകള്‍ പാലിച്ച് നീതിപൂര്‍വ്വവും സുതാര്യവുമായാണ് സര്‍ക്കാര്‍ നിയമന നടപടികള്‍ നടത്തേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. പതിനൊന്നായിരത്തോളം പാര്‍ട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.
1985 മെയ് ഇരുപതിനും 1991 മാര്‍ച്ചിനും ഇടയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ നിയമിതരായ പതിനൊന്നായിരത്തോളം പേരെ സ്ഥിരപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമപ്രകാരം രൂപീകൃതമായ സ്ഥാപനമാണ് എല്‍ഐസി. അതിനാല്‍ തന്നെ ഭരണഘടനയുടെ 14.16 അനുച്ഛേദങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിയമനം മാത്രമേ നടത്താന്‍ കഴിയുകയുള്ളു എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നിയമന മാനദണ്ഡങ്ങള്‍ പാലിക്കാതെ പതിനൊന്നായിരത്തോളം പേരെ സ്ഥിരപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത് പിന്‍വാതില്‍ നിയമനത്തിന് തുല്യമായിരിക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
1981 ജനുവരിക്കും 1985 മെയ് 20 നുമിടയില്‍ ജോലിയില്‍ പ്രവേശിച്ച താത്കാലിക ജീവനക്കാരെ എല്‍ഐസി സ്ഥിരപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു 1988-ല്‍ എല്‍ഐസി സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തിരുന്നത്.
1985-നും 1992-നും ഇടയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം 85 ദിവസം വീതം ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും എല്‍ഐസി തീരുമാനിച്ചിരുന്നു. ഈ ആനുകൂല്യം പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ലഭിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.