ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം (ATM) നെറ്റ്‌വർക്കുകളിൽ നിന്നും കാർഡ് രഹിത (Card-less) രീതിയിൽ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ്. നിലവിൽ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് മാത്രമേ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളു.
പുതിയ സാമ്പത്തിക വർഷത്തെ ആദ്യത്തെ വായ്പാനയം അവതരിപ്പിക്കവേ ആണ് ആർബിഐ ഗവർണർ കാർഡ്‌ലെസ്സ് പേയ്‌മെന്റുകൾ ഉയർത്താൻ നിർദേശിച്ചത്. യുപിഐ ഉപയോഗിച്ച് കാർഡ് രഹിത പണം പിൻവലിക്കൽ എല്ലാ ബാങ്കുകളിലും ലഭ്യമാക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചു. യുപിഐ വഴിയും എടിഎമ്മുകൾ വഴിയും നടക്കുന്ന വഞ്ചനാപരമായ ഇടപാടുകൾ തടയുന്നതിന് വേണ്ടിയാണു പുതിയ നിർദേശം എന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
എടിഎമ്മുകൾ വഴി കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ചില ബാങ്കുകളിൽ മാത്രമായാണ് ഇപ്പോൾ ലഭ്യമാകുന്നത്. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം നെറ്റ്‌വർക്കുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യം ഇനി മുതൽ ലഭ്യമാകും. ഇടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ ഇത്തരം കാർഡ് രഹിത ഇടപാടുകൾ കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകൾ തടയാൻ സഹായിക്കും എന്ന് ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടു.