കൊച്ചി: കെ റെയിലിന്റെ എറണാകുളത്തെ സ്റ്റേഷന്‍ അലൈന്‍മെന്റില്‍ ആശങ്കയറിയിച്ച് ഇന്‍ഫോ പാര്‍ക്ക്. കമ്പനികള്‍ക്ക് നല്‍കാന്‍വെച്ചിരുന്ന ഭൂമിയില്‍ സ്റ്റേഷന്‍ വരുന്നതിലാണ് ഇന്‍ഫോ പാര്‍ക്കിന് ആശങ്ക. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് സിയാലും കെ-റെയിലിനെ അറിയിച്ചു.
ഐടി കമ്പനികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്ന ഭൂമിയാണ് അലൈന്‍മെന്റില്‍ ഉള്‍പ്പെടുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതില്‍ തടസ്സമല്ല ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്നാണ് ഇന്‍ഫോ പാര്‍ക്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പകരം മറ്റൊരു ഭൂമി നല്‍കാമെന്നാണ് കെ-റെയില്‍ അധികൃതര്‍ ഇന്‍ഫോ പാര്‍ക്കിന് നല്‍കിയിരിക്കുന്ന ഉറപ്പ്. വിശദമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന ഉറപ്പും കെ-റെയില്‍ അധികൃതര്‍ നല്‍കുന്നുണ്ട്.
നെടുമ്പാശ്ശേരി സിയാല്‍ വിമാനത്താവളത്തിന് സമീപമുള്ള കെ-റെയിലിന്റെ സ്റ്റേഷന്‍ എത്രത്തോളം പ്രായോഗികമാകും എന്നുള്ള ആശങ്ക സിയാലിന്റെ അധികൃതരും കെ-റെയിലിനെ അറിയിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഇതിനുള്ള സാധ്യതയുള്ളുവെന്നും സിയാല്‍ ചൂണ്ടിക്കാട്ടുന്നു.