കോട്ടയം: പിടികൂടിയ മൂര്‍ഖനെ ചാക്കില്‍ കയറ്റാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് വാവാ സുരേഷിന് പാമ്പുകടിയേറ്റത്.കടിയേറ്റിട്ടും പിന്‍മാറാതെ വാവാസുരേഷ് മൂര്‍ഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്.യാത്രയ്ക്കിടെ അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. എന്റെ കണ്ണ് മറിയുന്നു,മയങ്ങിപ്പോവുകയാണ്,എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ… ബോധം മറയുംമുമ്പ് സുരേഷ് പറഞ്ഞു.എത്രസമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നു.
വലതുകാലിലെ തുടയിലാണ് കടിയേറ്റത്.അല്‍പ്പസമയം തുടയില്‍ കടിച്ചുപിടിച്ചു.എന്നിട്ടും ആത്മസംമനം വിടാതെ പാമ്പിനെ പണിപ്പെട്ട് പിടിച്ചെടുത്തു. പിടിവിട്ടപ്പോള്‍ പാമ്പ് നിലത്തേക്കാണ് വീണത്.കാഴ്ചക്കാര്‍ നാലുപാടും ചിതറിയോടി.ധൈര്യം കൈവിടാതെ വാവാ സുരേഷ് മൂര്‍ഖനെ വീണ്ടും പിടികൂടി.ചാക്കിനുപകരം ടിന്‍കിട്ടുമോയെന്ന് നാട്ടുകാരോട് ചോദിച്ചു.ആരോ കൊടുത്ത ടിന്നില്‍ പാമ്പിനെയിട്ടശേഷം കാറില്‍ കയറി.
പിടികൂടിയ പാമ്പുമായി താന്‍ വന്ന കാറില്‍ തന്നെയായിരുന്നു വാവാ സുരേഷിന്റെ യാത്രഎന്നാല്‍ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ കുറിച്ചി പട്ടാശേരിയ്ക്ക് സമീപത്തുനിന്നും പിറകിലുണ്ടായിരുന്നു കാറിലാണ് ആശുപത്രിയിലേക്ക് പാഞ്ഞത്.ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും,പേടിയ്ക്കാനില്ലെന്നും വാവ സുരേഷ് പറഞ്ഞു.പിന്നീടാണ് കണ്ണ് മറിഞ്ഞ് മയക്കത്തിലേക്ക് നീങ്ങിയത്.ഏറ്റവും അടുത്തുള്ള ആശുപത്രിയെന്ന് പറഞ്ഞതിനാല്‍ കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മന്ത്രി വി.എന്‍.വാസവന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
വാവാ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും നേരിയ പുരോഗതിയുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വാവാ സുരേഷുള്ളത്.ചികിത്സയ്ക്കായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.ചികിത്സ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.