കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടന് പിന്നാലെ. മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടനും എന്റെ ഭാര്യയും കൂടി ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ പൊലീസിന് നല്കിയ മൊഴി. അതുകൊണ്ട് തന്നെ ഈ നടനെയും മുന്‍ ഭാര്യയായ മഞ്ജു വാര്യരെയും ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം.
സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് താനുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യം പിന്നീട് ചില അഭിമുഖങ്ങളില്‍ ബാലചന്ദ്രകുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നടന്റെ പേര് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം, ഈ സൂപ്പര്‍ നടനെയും മുന്‍ ഭാര്യ മഞ്ജു വാര്യരെയും കുടുക്കാനുള്ള മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
ഇതിനിടെ ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്തിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആലുവയിലെ സൂര്യ ഹോട്ടല്‍ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ മുങ്ങിയ ശരത്ത് മുന്‍കൂര്‍ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളില്‍ ദിലീപിന്റെ സഹോദരന് അനൂപിനു മുതല്മുടക്കുണ്ടെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ സൂര്യ ഹോട്ടല്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ ശരത്ത് ജി. നായരാണോ വി.ഐ.പി.യെന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ശബ്ദസാംപിള്‍ പരിശോധനാഫലം കാക്കുന്നു.ശരത്തിന്റെ ശബ്ദസാംപിള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോയിലെ വി.ഐ.പി.യുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധനാഫലം വന്നാലേ വി.ഐ.പി.യുടെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുമായി വീട്ടിലെത്തിയ ആളെയാണ് വി.ഐ.പി.യായി കണ്ടിരുന്നത്.
ദിലീപുമായി അടുത്തബന്ധമുള്ളയാളാണ്, ഖദര്‍ധാരിയാണ്, വീട്ടിലുള്ളവര്‍ ഇക്ക എന്ന് അഭിസംബോധന ചെയ്യുന്നയാളാണ് എന്നിങ്ങനെയായിരുന്നു മറ്റു വിവരങ്ങള്‍.ഈ സാമ്യങ്ങളുള്ള ദിലീപിന്റെ പരിചയത്തിലുള്ളവരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയപ്പോള്‍ കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബിന്റെയും ശരത്തിന്റെയും മറ്റൊരു പ്രമുഖന്റെയും പേരാണുവന്നത്.
മെഹബൂബിന്റെ ശബ്ദം കേള്‍പ്പിക്കുകയും ഫോട്ടോ കാണിക്കുകയും ചെയ്തെങ്കിലും ബാലചന്ദ്രകുമാറിന് ഉറപ്പിക്കാനായില്ല. ഇതോടെയാണ് സംശയിക്കുന്നവരില്‍ ശരത്ത് ഒന്നാമതെത്തുന്നത്.ഇക്ക എന്ന് വിളിക്കുന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം ശരത്തുമായി ബന്ധപ്പെടുത്താവുന്ന കാര്യങ്ങളാണെന്ന് അന്വേഷണസംഘം പറയുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ശരത്ത് എവിടെയാെണന്നറിയില്ല.