സോള്‍ : കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ബുധനാഴ്ചയാണ് സ്‌കൂളുകള്‍ തുറന്ന് അധ്യയനം ആരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ രോഗികളുടെ എണ്ണത്തില്‍ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ എത്തിയത്. എന്നാല്‍ വ്യാഴാഴ്ച 79 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ബുച്ചിയോണിലെ 251 സ്‌കൂളുകള്‍ തുറന്ന് അധ്യായനം ആരംഭിച്ചതിന് ശേഷം വീണ്ടും അടച്ചിട്ടു. കൂടാതെ സോളിലെ 117 സ്‌കൂളുകള്‍ തുറക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 11,402 ആയി.