ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ബിപിന്‍ റാവത്തിന് അനുശോചനമെഴുതിയ കുറിപ്പില്‍ ‘അക്കിടി’ പിണഞ്ഞ് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായി കുമ്മനം രാജശേഖരന്. സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. എന്നാല്‍ കുമ്മനം കുറിച്ചതാകട്ടെ രാഷ്ട്രത്തിന്റെ സര്‍വ്വ സൈന്യാധിപന് എന്നാണ്. ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്.
വിഷയത്തില്‍ അക്കിടി പിണഞ്ഞുവെന്ന് കുമ്മനം രാജശേഖരന് മനസിലായത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. സംഭവത്തില്‍, സോഷ്യല്‍ മീഡിയയില്‍ കുമ്മനത്തിനെതിരെ ട്രോളും ഉയരുന്നുണ്ട്. ഗവണര്‍ പദവി അലങ്കരിച്ച വ്യക്തിയെന്ന നിലയില്‍ ഇതൊരു ചെറിയ അബദ്ധമായി കാണാന്‍ സാധിക്കില്ലെന്നാണ് സൈബറിടത്തെ ചര്‍ച്ച. പ്രോട്ടോക്കോളുകളെക്കുറിച്ച് പോലും ധാരണയില്ലാത്തവര്ക്കാണ് ഇത്തരം അബദ്ധങ്ങള്‍ പിണയുകയെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു.
കുറിപ്പ് ഇങ്ങനെ;
രാഷ്ട്രത്തിന്റെ സംയുക്ത സേനാ തലവന്‍ വിപിന്‍ റാവത്തും സൈനികരും അപകടത്തില്‍ മരണപ്പെട്ടത് മൂലം താങ്ങാനാവാത്ത നഷ്ടവും അതീവ ദുഃഖവും കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരായി കഴിയുമ്പോള്‍ ചിലര്‍ അവഹേളിച്ചും അപമാനിച്ചും രംഗത്ത് വന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവുന്നതല്ല. രാഷ്ട്രത്തിന്റെ കാവലാളായും രക്ഷകനായും കര്‍ത്തവ്യനിരതനായി പ്രശംസനീയ സേവനം നടത്തവേയാണ് അദ്ദേഹത്തെ നമ്മുക്ക് നഷ്ടപ്പെട്ടത്.
മക്കളും സൈന്യവും ചേര്‍ന്ന് ദുഃഖഭാരത്തോടെ ചിതക്ക് തീ കൊളുത്തിയപ്പോള്‍ വിവാദങ്ങള്‍ക്കും കിംവദന്തികള്‍ക്കും തിരികൊളുത്തി ചിലര്‍ ആഘോഷമാക്കാന്‍ തയ്യാറായി. ഇക്കൂട്ടരെ കണ്ടെത്തി രാഷ്ട്രദ്രോഹ കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാരിനുണ്ടാകണം. സി.പി.എംന്റെ എം പി മാര്‍ ഉള്‍പ്പടെയുള്ള ഉന്നതനേതാക്കളാരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ലെന്ന വാര്‍ത്തയും ആരെയും വേദനിപ്പിക്കുന്നതാണ്.
രാഷ്ട്രവിധ്വംസകശക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഇത്തരം നടപടികള്‍ മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കില്‍ നിലനില്‍പ്പ് പോലും അപകടത്തിലാകുന്ന അതീവഗുരുതരമായ സ്ഥിതിയില്ലേക്ക് രാഷ്ട്രം വഴുതി വീഴും . ശക്തമായ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.