KeralaNews

ആര്‍ ശ്രീലേയും ശങ്കര്‍ റെഡ്ഡിയും ഡി.ജി.പിമാര്‍; ശ്രീലേഖ ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിത

തിരുവനന്തപുരം: ആര്‍ ശ്രീലേഖയെയും ശങ്കര്‍ റെഡ്ഡിയെയും ഡിജിപിമാരായി നിയമിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ മേധാവിയായാണ് ആര്‍ ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്. ശങ്കര്‍ റെഡ്ഡി റോഡ് സുരക്ഷാ കമ്മിഷണറായി തുടരും.
ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആര്‍ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍. ശ്രീലേഖ. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എഎസ്പിയായും തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് എഐജിയായും ജോലി ചെയ്തിട്ടുണ്ട്. നാലുവര്‍ഷത്തോളം സിബിഐ കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡിഐജിയായിരുന്നതിന് ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു ആര്‍ ശ്രീലേഖ.

പോലീസ് തലപ്പത്തും ഭരണ തലപ്പത്തും വന്‍ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്. വിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മേയ് 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. അഭ്യന്തരജലവിഭവ വകുപ്പുകളുടെ ചുമതലയുളള വിശ്വാസ് മേത്ത 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ടി.കെ ജോസിനെ പുതിയ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനെ സ്ഥലം മാറ്റി. മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നവജോത് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടര്‍. കാര്‍ഷികോല്‍പ്പാദന കമ്മിഷണറായി ഇഷിതാ റായിയെ നിയമിച്ചു. എം ആര്‍ അജിത് കുമാറിനെ ഗതാഗത കമ്മിഷണറായി നിയമിച്ചു.

ബി ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഡോ. വി വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാകും. ആലപ്പുഴ കളക്ടര്‍ എം. എഞ്ജനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എ അലക്സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button