കൊച്ചി: വിവാഹ തട്ടിപ്പ് കേസില്‍ ഇന്‍ഡോര്‍ സ്വദേശികളായ യുവതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും, 9.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. ഭിന്നശേഷിക്കാരായാവരെ വിവാഹം കഴിച്ച് പണവും സ്വര്‍ണ്ണവും തട്ടിയതിനാണ് മേഘ ഭാര്‍ഗവ (30), സഹോദരിയായ പ്രചി ശര്‍മ്മ ഭാര്‍ഗവ എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്. ഇവര്‍ തട്ടിയെടുത്ത സ്വര്‍ണ്ണവും പണവും പരാതിക്കാരന് തിരിച്ചുനല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്.
മലയാളികളായ നാലുപേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇതേ കേസില്‍ മറ്റു രണ്ട് പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അവരെ തെളിവിന്‍റെ അഭാവത്തില്‍ വിട്ടയച്ചു. വൈറ്റിലയില്‍ താമസമാക്കിയ സംസാര ശേഷി പ്രശ്നമുള്ള വ്യക്തി നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തത്. വിവാഹ തട്ടിപ്പ് നടന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ വാദിയുടെ പിതാവ് ഈ വിഷമത്തില്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടിരുന്നു.
2015 സെപ്തംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് രണ്ട് ദിവസം വൈറ്റിലയില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിച്ച ശേഷം ആഭരണങ്ങളും വസ്ത്രങ്ങളും 9.5 ലക്ഷം രൂപയുമായി ഇവര്‍ ഇന്‍ഡോറിലേക്ക് പോയി. തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.
സമ്പന്ന കുടുംബങ്ങളിലെ അംഗപരിമിതരായ യുവാക്കളെ ലക്ഷ്യം വച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ഇത് ഇവരുടെ സ്ഥിരം രീതിയാണ് എന്ന് പൊലീസ് മനസിലാക്കിയത്. സമാനമായ കേസുകള്‍ വേറെയും ഇവര്‍ക്കെതിരെ ഉണ്ട്. അതേ സമയം പലരും നാണക്കേട് ഭയന്ന് സംഭവം പുറത്ത് പറയില്ല എന്നതാണ് ഇവര്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ഇടയാക്കിയത്. മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അസി. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാരായ ലെനില്‍ പി സുകുമാരന്‍, എസ് സൈജു എന്നിവര്‍ ഹാജറായി.