ആലപ്പുഴ:ജില്ലയിൽ ആദ്യമായി കണ്ടൈൻമെൻറ് സോൺ പ്രഖ്യാപിച്ച് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവ ക്ലസ്റ്റര്‍ ക്വാറന്റൈന്‍/ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു .ജില്ലയിൽ ആദ്യമായാണ് കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിക്കുന്നത്.
ഈ വാര്‍ഡുകളിലെ എം.സി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും . അവശ്യ/ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം.
ഒരേ സമയം അഞ്ചിലധികം പേര്‍ കടകളില്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ആരോഗ്യവിഭാഗത്തിന്റേയും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ് / വാര്‍ഡ് ദ്രുത കര്‍മ്മ സേന (ആര്‍.ആര്‍.റ്റി)യുടേയും സേവനം തേടാം. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലുള്‍പ്പെടുന്ന പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവയെ നേരത്തെ ഹോട്ട്‌സ്‌പോട്ടുകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തിരുന്നു.
രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ രോഗബാധ ഉണ്ടായിരുന്ന ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ / സ്ഥലങ്ങള്‍ എന്നിവയിലൂടെ രോഗവ്യാപനമുണ്ടാവുന്നത് തടയുന്നതിനായാണ് കൂടുതല്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ പ്രദേശത്ത് നടപ്പാക്കുന്നത്.
ജില്ലയിൽ കണ്ടൈൻമെൻറ് സോൺ പ്രഖ്യാപിക്കുന്നത് ആദ്യമായിട്ടാണ്. രോഗബാധ സ്ഥിരീകരിച്ച വ്യക്തി സഞ്ചരിക്കുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത വാർഡുകളാണ് കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചത്. വളരെയധികം ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ് .
പൊതുജനം ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ കണ്ടെയ്ൻമെൻറ് സോണുകൾ ജില്ലയിൽ പ്രഖ്യാപിക്കേണ്ടി വന്നേക്കാം . ഇത് സഞ്ചാരത്തിനും മറ്റും വീണ്ടും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഘട്ടത്തിലേക്ക് നയിക്കും. അതുകൊണ്ട് അവശ്യ കാര്യങ്ങൾക്ക് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ.
ക്വാറൻറൈനിലുള്ളവർ റൂം ക്വാറൻറൈൻ കൃത്യമായി പാലിക്കണം . രോഗ വ്യാപനം തടയുന്നതിന് സർക്കാർ നിർദേശങ്ങൾ എല്ലാം പാലിച്ച് പൊതുജനം സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.