കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 4 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
രോഗികളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
1)മെയ് 19 ന് റിയാദ്-കരിപ്പൂര്‍ (AI1906) വിമാനത്തിലെത്തിയ എറണാകുളം സ്വദേശികളായ 29 വയസുള്ള ഗര്‍ഭിണിക്കും, ഇവരുടെ 34 വയസുള്ള ഭര്‍ത്താവുമാണ് രോഗം സ്ഥിരീകരിച്ച 2 പേര്‍. മെയ് 19 കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇവര്‍ എറണാകുളത്തുള്ള വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സാമ്പിളെടുക്കുകയും, പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
2)മെയ് 7 ന് കൊച്ചിയില്‍ വന്ന അബുദാബി-കൊച്ചി (IX452) വിമാനത്തിലെത്തിയ 44 വയസുള്ള എറണാകുളം സ്വദേശിയാണ് മറ്റൊരാള്‍. കൊച്ചിയിലെത്തിയ ശേഷം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മെയ് 20 ന് സാമ്പിള്‍ പരിശോധന നടത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
3)മെയ് 19 ലെ കുവൈത്ത് – കണ്ണൂര്‍ വിമാനത്തില്‍ വന്ന. 41 വയസ്സുള്ള എറണാകുളം സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി കുവൈറ്റില്‍ നിന്നും 2 മക്കളോടും, അടുത്ത ബന്ധുവിനോടുമൊപ്പം കണ്ണൂരില്‍ വന്നിറങ്ങിയ ശേഷം പ്രത്യേക ആംബുലന്‍സില്‍ ജില്ലയിലേക്ക് വരികയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ഹൃദയ ചികിത്സയ്ക്ക് മുന്നോടിയായി മെയ് 22 ന് നടത്തിയ സ്രവ പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 2 മക്കളും, അടുത്ത ബന്ധുവും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
ഇന്ന് 589 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 395 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 6750 ആയി. ഇതില്‍ 136 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 6614 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.