തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് കാസർകോഡ്,കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക്(rain) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിപ്പില്ല. അതേസമയം എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്(yellow alert). കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.
മുല്ലപ്പെരിയാർ ജലനിരപ്പ് 140.45 അടിയും. ഇടുക്കിയിൽ മഴ മാറി നിൽക്കുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ മണിക്കൂറുകളിലെ ശക്തമായ മഴയുടെയും വെള്ളക്കെട്ടിന്റേയും പശ്ചാത്തലത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.എംജി, കേരള സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.