കോഴിക്കോട്: ടി.പി വധക്കേസ് അന്വേഷണം ഉന്നതരിലേക്കെത്തുന്നതില്‍ ജഡ്ജി വരെ ഭയപ്പെട്ടിരുന്നോയെന്ന് സംശയിക്കുന്നുണ്ടെന്ന് കെ.കെ രമ എംഎഎ. ചാനല്‍ ചര്‍ച്ചയിലായിരുന്നു രമയുടെ പ്രതികരണം. പ്രതികളുടെ അപ്പീലില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സുപ്രീംകോടതി അഭിഭാഷകനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് സംഭവത്തില്‍ പങ്കുണ്ട്. അതുകൊണ്ടാണ് മരിച്ച ശേഷം കുലംകുത്തിയെന്ന് വിളിച്ചത്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കും എന്നതില്‍ യാതൊരു പ്രതീക്ഷയും ഇല്ലെന്നും രമ പറഞ്ഞു. കേസ് അന്വേഷിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശങ്കര്‍ റെഡ്ഡിയുടെ നേതൃത്തിലുള്ള സംഘം ഫോണ്‍ കോള്‍ രേഖകള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണം എന്തായി. കോടതിയില്‍ പോലും ആ റിപ്പോര്‍ട്ട് എത്തിയില്ലെന്നും രമ വ്യക്തമാക്കി.
കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ട്. സിബിഐയെ സമീപിക്കാനായിരുന്നു അദ്ദേഹം നല്‍കിയ ഉപദേശം. അന്വേഷണവുമായി മുന്നോട്ട് പോയാല്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാകുമെന്നും രമ കൂട്ടിച്ചേര്‍ത്തു.