തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസറുടെ അനുമതിയുണ്ടെങ്കില്‍ ഒരു പ്രവാസി കുടുംബത്തെ മാത്രമായി കോവിഡ് കെയര്‍ സെന്ററായി നിശ്ചയിച്ച വീട്ടില്‍ ക്വറന്റൈന്‍ ചെയ്യിക്കാമെന്ന് കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ജില്ല കളക്ടറുടെ മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രവാസി കുടുംബത്തെ പൂര്‍ണമായും ക്വറന്റൈന്‍ ചെയ്യേണ്ട സാഹചര്യത്തില്‍ മാത്രമാണിത്.
ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴില്‍ ഒഴിഞ്ഞുകിടക്കുന്നതോ, പൂര്‍ണമായും കോവിഡ് കെയര്‍ സെന്റര്‍ മാതൃകയില്‍ പ്രവാസികള്‍ക്ക് താമസിക്കാന്‍ യോഗ്യമോ ആയ വീടുകളുണ്ടെങ്കില്‍ അവയെക്കൂടി കോവിഡ് കെയര്‍ സെന്ററുകളായി പ്രഖ്യപിക്കുന്നതിന് ജില്ലാതല സമിതിയിലേയ്ക്ക് ശുപാര്‍ശ ചെയ്യാം. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള ആരെയെങ്കിലും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതിന് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അവരെകൂടി കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കണം.
കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റേണ്ടവരെ സംബന്ധിച്ച തീരുമാനം ആരോഗ്യ വകുപ്പാണ് കൈക്കൊള്ളേണ്ടത്. ഇവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ്,തദ്ദേശസ്വയംഭരണ സെക്രട്ടറിമാരെ അറിയിക്കണം. കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ആളുകളെ മാറ്റുന്നതിനു വാഹന സൗകര്യം നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യവകുപ്പ് സജ്ജമാക്കണം. ഓരോ കെയര്‍ സെന്ററിലേക്കും വേണ്ട ഹെല്‍ത്ത് ടീമിനെ മെഡിക്കല്‍ ഓഫീസറും , പോലീസിനെ സ്റ്റേഷന്‍ ഹൗസ് ഓഫീസറും നിയമിക്കും. അവരുടെ സേവനം ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂറും ആയിരിക്കും. ഈ ജീവനക്കാര്‍ക്ക് വേണ്ടി ഓരോ കോവിഡ് കെയര്‍ സെന്ററിലും ഓരോ മുറി വീതം മാറ്റിവയ്ക്കും.
കോവിഡ് കെയര്‍ സെന്റുകളിലെ അന്തേവാസികളുടെ ഭക്ഷണം,ജനകീയ ഭക്ഷണശാല /സമൂഹ അടുക്കള വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കണം. അന്തേവാസികള്‍ക്ക് അവശ്യവസ്തുക്കളോ ഭക്ഷണമോ തങ്ങളുടെ വീടുകളില്‍ നിന്നോ , പുറത്ത് നിന്നോ എത്തിക്കണമെങ്കില്‍ വാളണ്ടിയര്‍മാര്‍ മുഖേന ആകാവുന്നതാണ്. വാളണ്ടിയര്‍മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിലവിലുളള ലിസ്റ്റില്‍ നിന്നും നിയോഗിക്കാം. കെയര്‍ സെന്ററുകളുടെ ശുചീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍പ്പെടുന്നു. സുരക്ഷിതമായി മാലിന്യനിര്‍മാര്‍ജനം നടത്തുന്നതിന് ആവശ്യമായ നിര്‍ഴദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ നല്‍കും.