തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. ലീഗിന്റേയും സ്ഥാപനങ്ങളുടേയും മറവില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കാന്‍ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും ജലീല്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കില്‍ നിന്ന് 110 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണെന്നും ജലീല്‍ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി അയച്ച നോട്ടിസിന്റെ പകര്‍പ്പ് കെ.ടി ജലീല്‍ പുറത്തുവിട്ടു. പാണക്കാട് തങ്ങള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു. രണ്ട് തവണ നോട്ടിസ് നല്‍കി . എന്നാല്‍ ഹാജരാകാത്തതിനാല്‍ ഇ.ഡി പാണക്കാട്ടെത്തിയെന്നും കെ.ടി ജലീല്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് തങ്ങളെ മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവര്‍ത്തനം ആണെന്നും കെ.ടി ജലീല്‍ പറഞ്ഞു.
കേസില്‍ ജൂലൈ 24 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പാണക്കാട്ടെത്തി ഇഡി ഉദ്യോഗസ്ഥര്‍ തങ്ങളെ ചോദ്യം ചെയ്തുവെന്ന് ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ 10 കോടി രൂപ നിക്ഷേപിച്ചു എന്ന കേസിലാണ് തങ്ങളെ ചോദ്യം ചെയ്തത്. ആദായനികുതി രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച ഇഡി നോട്ടീസിന്റെ രേഖകള്‍ ജലീല്‍ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണ് നോട്ടീസില്‍ ആദ്യത്തേതെന്നും കെ ടി ജലീല്‍ പറഞ്ഞു. തങ്ങളെ മറയാക്കി കുറേ കാലങ്ങളായി ഒരുതരം മാഫിയ പ്രവര്‍ത്തനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നത്. അതിനെതിരെ ലീഗിനുള്ളില്‍ നിന്നു തന്നെ അപസ്വരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് രൂക്ഷമാകുമെന്നാണ് കരുതുന്നതെന്നും ജലീല്‍ പറഞ്ഞു.