ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ രംഗത്ത്. മുഖത്തടിയേറ്റ പ്രവര്ത്തകന് തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടതില്ലെന്നുമാണ് ഡി.കെ. ശിവകുമാര്‍ വിശദീകരിക്കുന്നത്.
‘തോളത്ത് കൈവെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അദ്ദേഹം തന്റെ അകന്ന ബന്ധുവായ പയ്യനാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ് അങ്ങനെ ചെയ്തത്. അതൊരു വലിയ സംഭവമാക്കി എടുക്കേണ്ട കാര്യമില്ല,’ ഡി.കെ. ശിവകുമാര്‍. ‘അയാള്‍ എന്റെ വീട്ടുകാരനാണ്, എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും, ഞാനും അയാളെ ചീത്തവിളിക്കും, അയാള്‍ കേള്‍ക്കും, കാരണം പ്രശ്നം ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലാണ് ശിവകുമാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മാണ്ഡ്യയിലാണ് വിവാദമുണ്ടാക്കിയ സംഭവം ഉണ്ടായത്. സെല്‍ഫിയെടുക്കാന്‍ വളരെ അടുത്തു വന്നതാണ് ശിവകുമാറിനെ ചൊടിപ്പിച്ചത്. പിന്നീട് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ മറ്റൊരാളോടും ശിവകുമാറും മറ്റ് നേതാക്കളും ആവശ്യപ്പെട്ടു. അസുഖബാധിതനായി കിടക്കുന്ന മുതിര്‍ന്ന നേതാവ് എംപി ജി മദേഗൗഡയെ(94) സന്ദര്‍ശിക്കാന്‍ എത്തിയ സമയത്താണ് സംഭവമുണ്ടായത്.
വെള്ളിയാഴ്ച ഈ സംഭവം നടന്നയുടന്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ഡികെ ശിവകുമാര്‍ പറഞ്ഞത് ഇതാണ്, ‘ഒരാള്‍ പിറകില്‍ നിന്നും ചുറ്റിപിടിച്ചാല്‍ എന്ത് ചെയ്യണം, എന്താണ് നാട്ടുകാര്‍ പറയുക, ഒരു പ്രവര്‍ത്തകനാണെന്ന് വച്ച് അത് അനുവദിക്കണോ?’.
ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിക്കുമ്പോള്‍ എന്തുപറയും. പാര്‍ട്ടി പ്രവര്‍ത്തനാണെന്ന് പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാമോ- ശിവകുമാര്‍ പിന്നീട് പറഞ്ഞു. ശിവകുമാറിന്റെ വീഡിയോ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചു. കര്‍ണാടകയിലെ അധോലോക രാജാവായിരുന്ന കോട്വാള് രാമചന്ദ്രയുടെ ശിഷ്യനാണ് ശിവകുമാറെന്ന് ബിജെപി നേതാവ് സിടി രവി പരിഹസിച്ചു. ശിവകുമാറിന്റെ പെരുമാറ്റം റൗഡികളുടേതാണെന്ന് ബിജെപി ആരോപിച്ചു.