കൊച്ചി:കരിപ്പൂർ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അർജുൻ ആയങ്കിയുടെ ഫോൺരേഖകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കസ്റ്റംസ് ഒരുക്കം തുടങ്ങി. ഉന്നതർ അടക്കമുള്ളവരുടെ ബന്ധങ്ങൾ പുറത്തുവരാതിരിക്കാൻ, ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചശേഷമാണ് അർജുൻ കസ്റ്റംസിനുമുന്നിൽ ഹാജരായത്.
മൊബൈൽ ഫോൺ സേവനദാതാക്കളിൽനിന്ന് അർജുന്റെ കോൾഡേറ്റ ശേഖരിക്കും. അർജുനുമായി നിരന്തരം ചാറ്റുകളിലേർപ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും പരിശോധിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.
അർജുൻ കസ്റ്റംസിന്റെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന രീതി തുടരുകയാണ്. കസ്റ്റംസ് ഓഫീസിൽ രാവിലെ എട്ടരയോടെ ഹാജരായ സി. സജേഷിനെയും പ്രതികളായ മുഹമ്മദ് ഷെഫീഖ്, അർജുൻ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. സജേഷിനെ രാത്രി ഏഴുമണിയോടെ വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നാണു സൂചന.
കരിപ്പൂർ സ്വർണക്കടത്തിൽ നിർണായകമാവുക അർജുന്റെ ഫോൺ, വാട്സാപ്പ്, ടെലിഗ്രാം എന്നിവയിലെ രേഖകളാണ്. ഫോൺ പുഴയിൽ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് മൊഴിനൽകിയിരിക്കുന്നത്. ഇതോടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കലാണ് കസ്റ്റംസിനുമുന്നിലുള്ള വഴി.
സാമൂഹികമാധ്യമ ആപ്ലിക്കേഷനുകളുടെ കോർപ്പറേറ്റ് ഓഫീസിൽനിന്ന് അന്വേഷണ ഏജൻസിക്ക് ആവശ്യമെങ്കിൽ ഇത്തരം തെളിവുകൾ ശേഖരിക്കാം. ഇതിന് കാലതാമസം നേരിടും. പകരം അർജുനുമായി ബന്ധമുള്ളവരുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ച് അർജുന്റെ സന്ദേശങ്ങൾ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനം.
അർജുനുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്നും സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമാണ് സജേഷിന്റെ മൊഴി. സജേഷ് കാര്യമായൊന്നും വിട്ടുപറഞ്ഞിട്ടില്ല. സ്വർണക്കടത്ത് അറിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അർജുനും. ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖ് അർജുന്റെ നിർദേശപ്രകാരമാണ് സ്വർണം എത്തിച്ചതെന്ന മൊഴി ആവർത്തിച്ചു. ദുബായിൽനിന്നു പുറപ്പെടുംമുമ്പും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയശേഷവും പലതവണ അർജുൻ വിളിച്ചിരുന്നെന്നും ഷെഫീഖ് മൊഴിനൽകി.