ശാസ്താംകോട്ട: വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിക്കാനാവാതെ അന്വേഷണ സംഘം. വിസ്മയയെ ശുചിമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി നിന്ന നിലയില്‍ കണ്ടെത്തിയത് കിരണ്‍ കുമാര്‍ മാത്രമാണ്. വിസ്മയെ തൂങ്ങി മരിച്ചതായി പറയുന്ന സ്ഥലത്ത് ഒരുമണിക്കൂറിലധികം പരിശോധന നടത്തിയിട്ടും ആത്മഹത്യയാണെന്ന് ഉറപ്പിക്കാന്‍ പോലീസിനായിട്ടില്ല.
കിരണിന്റെ മാതാപിതാക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വിസ്മയ മരിച്ചതായി പറയുന്ന സ്ഥലത്ത് ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് എസ് കിരണ്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വിശദമായ പരിശോധന. എന്നാല്‍ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
അന്വേഷണ സംഘത്തിന് നിലവില്‍ ലഭ്യമായ മൊഴികള്‍ അനുസരിച്ച് വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത് കിരണ്‍ മാത്രമേ കണ്ടിട്ടുള്ളൂ. ജനല്‍ കമ്പിയില്‍ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നല്‍കിയെന്നാണ് കിരണിന്റെ മൊഴി. തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് താഴെ ഇറക്കിയതിന് ശേഷമാണ് തന്റെ മാതാപിതാക്കള്‍ എത്തിയതെന്നും കിരണ്‍ പറയുന്നു. വിസ്മയ തൂങ്ങി മരിച്ചതാണെന്ന നിലപാടില്‍ തന്നെയാണ് കിരണ്‍.
വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നിന്നു വെന്നു കിരണ്‍ പറഞ്ഞ ശുചിമുറിയില്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ ശശികലയും ഡോ സീനയും റൂറല്‍ എസ്പി കെ ബി രവിയും പരിശോധന നടത്തി. കിരണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ.
സ്ത്രീധനം കുറഞ്ഞു പോയതിന്റെയും കാറിന്റെയും പേരില്‍ പലതവണ വിസ്മയയെ വിവിധ സ്ഥലങ്ങളില്‍ വച്ച് മര്‍ദിച്ചതായി കിരണ്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വിസ്മയ മരിക്കുന്ന അന്ന് രാത്രി മര്‍ദിച്ചിട്ടില്ലെന്നാണ് കിരണിന്റെ മൊഴി. സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പോരുവഴി ശാസ്താംനടയിലെ എസ്ബിഐ ശാഖയില്‍ തെളിവെടുപ്പു നടത്തി. മാലയും വളകളും ഉള്‍പ്പെടെ 42 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ലോക്കറില്‍ ഉണ്ടായിരുന്നത്.