തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.പി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടെയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ്ങ് കാമറ എത്തിച്ച് ശശി തരൂര്‍ എം.പി. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം എത്തിച്ചിരിക്കുന്നത്.
ആംസ്റ്റര്‍ഡാമില്‍ നിന്ന് തെര്‍മല്‍ കാമറകള്‍ വാങ്ങി ജര്‍മനിയിലെ ബോണിലെത്തിച്ച ശേഷം അവിടെനിന്ന് ഡി.എച്ച്.എല്ലിന്റെ പല ഫ്‌ലൈറ്റുകളിലൂടെ പാരിസ്, ലെപ്‌സിഗ്, ബ്രസല്‍സ്, ബഹറിന്‍, ദുബായ് വഴി ബാംഗലൂരുവിലേക്ക് എത്തിക്കുകയായിരിന്നു. എം.പി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ കാമറകള്‍ എത്തിക്കാനും എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും മെഡിക്കല്‍ കോളജിലും ഇന്‍സ്റ്റാള്‍ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്ന് തരൂര്‍ പറയുന്നു.
ഇതിനു മുന്‍പ് ഒന്‍പതിനായിരം പി.പി.ഇ കിറ്റുകളും തരൂര്‍ എത്തിച്ചിരുന്നു. അതിനു മുന്‍പ് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകള്‍ യാത്രാവിമാനമില്ലാത്ത സമയത്ത് ലോക്ക് ഡൗണിനിടയിലൂടി വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചിരുന്നു.
ഒരു കോടി രൂപ ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകള്‍ വികസിപ്പിക്കാന്‍ നല്‍കിയത് ഉപയോഗിച്ച് അവര്‍ നടത്തിയ കണ്ടെത്തലുകള്‍ ഐ.സി.എം ആര്‍ അംഗീകാരം കാത്തിരിക്കുകയാണ്. അതിനു മുന്‍പ് എത്തിച്ച തെര്‍മല്‍ സ്‌കാനറുകളും മറ്റ് ഉപകരണങ്ങളും വേറെ. ഇതിനെല്ലാം പുറമെ അതിഥി തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്ത സഹായങ്ങളും എടുത്ത് പറയേണ്ടതാണ്.