28.7 C
Kottayam
Saturday, September 28, 2024

സഞ്ജുൻ്റെ ടീം ഇത്തവണയും പൊളിച്ചു, ഡൽഹിയ്ക്കെതിരെ രാജസ്ഥാന് ജയം

Must read

മുംബൈ:കഴിഞ്ഞ മത്സരത്തിൻ്റെ തനിയാവർത്തനമായി അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ മൂന്നു വിക്കറ്റിന് തകർത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഡേവിഡ് മില്ലറും അവസാന ഓവറുകളിൽ കത്തിക്കയറിയ ക്രിസ് മോറിസുമാണ് അവിസ്മരണീയമായ വിജയം രാജസ്ഥാന് സമ്മാനിച്ചത്.

ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 19.4 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ഒരു ഘട്ടത്തിൽ വലിയ ബാറ്റിങ് തകർച്ച നേരിട്ട രാജസ്ഥാനെ മില്ലറും മോറിസും ചേർന്ന് രക്ഷിക്കുകയായിരുന്നു. മില്ലർ 62 റൺസെടുത്തപ്പോൾ മോറിസ് 36 റൺസെടുത്ത് പുറത്താവാതെ നിന്നു.

148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 13 റൺസെടുക്കുന്നതിനിടെ ഓപ്പണർ മനൻ വോറയെ ടീമിന് നഷ്ടമായി. 9 റൺസെടുത്ത വോറയെ ക്രിസ് വോക്സ് റബാദയുടെ കൈയ്യിലെത്തിച്ചു. വോറയ്ക്ക് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി.

അതേ ഓവറിൽ തന്നെ അപകടകാരിയായ ജോസ് ബട്ലറെ പുറത്താക്കി ക്രിസ് വോക്സ് രാജസ്ഥാന് ഇരട്ട പ്രഹരമേൽപ്പിച്ചു. വെറും രണ്ട് റൺസെടുത്ത ബട്ലറെ വോക്സ് പന്തിന്റെ കൈയ്യിലെത്തിച്ചു. ബട്ലർ പുറത്താകുമ്പോൾ മൂന്നോവറിൽ രണ്ട് വിക്കറ്റിന് 13 എന്ന നിലയിലായി രാജസ്ഥാൻ

തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ നായകൻ സഞ്ജു സാംസണെ ശിഖർ ധവാന്റെ കൈയ്യിലെത്തിച്ച് കഗിസോ റബാദ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. നാല് റൺസെടുത്ത സഞ്ജു പുറത്താകുമ്പോൾ 3.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിലേക്ക് രാജസ്ഥാൻ വീണു.

ഈ ഘട്ടത്തിൽ ഡേവിഡ് മില്ലറും ശിവം ദുബെയും ഒത്തുചേർന്നു. വളരെ ശ്രദ്ധയോടെയാണ് ഇരുവരും കളിച്ചത്. അതുകൊണ്ടുതന്നെ ബാറ്റിങ് പവർപ്ലേയിൽ വെറും 26 റൺസാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്.എന്നാൽ ഡൽഹിയുടെ മാരക ബൗളിങ്ങിനുമുന്നിൽ ദുബെയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഏഴാം ഓവറിലെ നാലാം പന്തിൽ വെറും രണ്ട് റൺസ് മാത്രമെടുത്ത ദുബെയെ പുറത്താക്കി ആവേശ് ഖാൻ രാജസ്ഥാന്റെ നാലാം വിക്കറ്റെടുത്തു. ഇതോടെ രാജസ്ഥാൻ 36 ന് നാല് എന്ന നിലയിലേക്ക് തകർന്നു.

പിന്നാലെ വന്ന പരാഗിനും പിടിച്ചുനിൽക്കാനായില്ല. വെറും രണ്ട് റൺസ് മാത്രമെടുത്ത താരത്തെ ആവേശ് ഖാൻ ശിഖർ ധവാന്റെ കൈയ്യിലെത്തിച്ചു. പരാഗ് പുറത്താകുമ്പോൾ 42 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി രാജസ്ഥാൻ. പിന്നീട് ചില മികച്ച ഷോട്ടുകൾ കളിച്ച മില്ലർ ടീം സ്കോർ 50 കടത്തി.ക്രീസിലേക്ക് രാഹുൽ തെവാത്തിയ കൂടിയെത്തിയതോടെ രാജസ്ഥാന് വിജയപ്രതീക്ഷ കൈവന്നു. മില്ലർ ആക്രമിച്ച് കളിച്ചപ്പോൾ തെവാത്തിയ സിംഗിളുകൾ എടുത്ത് അതിനുള്ള അവസരം നൽകി. ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 15-ാം ഓവറിലെ അഞ്ചാം പന്തിൽ തെവാത്തിയയെ പുറത്താക്കി റബാദ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 പന്തുകളിൽ നിന്നും 19 റൺസാണ് താരം നേടിയത്.

തെവാത്തിയ പുറത്തായതിന് പിന്നാലെ മില്ലർ അർധസെഞ്ചുറി നേടി. 40 പന്തുകളിൽ നിന്നുമാണ് താരം അർധസെഞ്ചുറി നേടിയത്. താരത്തിന്റെ 10-ാം ഐ.പി.എൽ അർധശതകമാണിത്. അർധസെഞ്ചുറിയ്ക്ക് പിന്നാലെ ആവേശ് ഖാന്റെ ഓവറിൽ തുടർച്ചയായി രണ്ട് സിക്സുകൾ പായിച്ച് മില്ലർ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. എന്നാൽ മൂന്നാം പന്തിൽ വീണ്ടും സിക്സടിക്കാൻ ശ്രമിച്ച മില്ലറുടെ ശ്രമം പാളി. പന്ത് നേരെ ലളിത് യാദവിന്റെ കൈയ്യിലെത്തി. 43 പന്തുകളിൽ നിന്നും ഏഴ് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 62 റൺസ് നേടിയാണ് മില്ലർ ക്രീസ് വിട്ടത്.

പിന്നാലെ ക്രീസിലെത്തിയ ഉനദ്കട്ടും ക്രിസ് മോറിസും ചേർന്ന് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതോടെ മത്സരം ആവേശത്തിലായി. 19-ാം ഓവർ എറിഞ്ഞ റബാദയുടെ രണ്ട് പന്തുകൾ സിക്സിന് പായിച്ച് മോറിസ് കളി രാജസ്ഥാന് അനുകൂലമാക്കി.

ടോം കറൻ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ രണ്ട് റൺസ് നേടിയ മോറിസ് രണ്ടാം പന്തിൽ ഒരു പടുകൂറ്റൻ സിക്സ് നേടി. ഇതോടെ രാജസ്ഥാന് അവസാന നാലുപന്തിൽ നാല് റൺസ് എന്നതായി വിജയലക്ഷ്യം. എന്നാൽ മൂന്നാം പന്തിൽ റൺസ് നേടാൻ മോറിസിന് സാധിച്ചില്ല. എന്നാൽ നാലാം പന്തിൽ വീണ്ടും സിക്സ് നേടി ക്രിസ് മോറിസ് അവിശ്വസനീയമായ വിജയം രാജസ്ഥാന് സമ്മാനിച്ചു.

ക്രിസ് മോറിസ് 18 പന്തുകളിൽ നിന്നും നാല് സിക്സിന്റെ അകമ്പടിയോടെ 36 റൺസും ഉനദ്കട്ട് 11 റൺസും നേടി പുറത്താവാതെ നിന്നു.ഡൽഹിയ്ക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് വോക്സും കഗിസോ റബാദയും രണ്ട് വിക്കറ്റുകൾ വീതം നേടി.ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. തകർപ്പൻ പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്കോറിലൊതുക്കിയത്. അർധസെഞ്ചുറി നേടിയ നായകൻ ഋഷഭ് പന്ത് മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ പൃഥ്വി ഷായെ മടക്കി ജയ്ദേവ് ഉനദ്കട്ട് ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അഞ്ച് പന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമെടുത്ത ഷായെ ഉനദ്കട് ഡേവിഡ് മില്ലറുടെ കൈയ്യിലെത്തിച്ചു. ഇതോടെ രണ്ടോവറിൽ അഞ്ചുറൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി ഡൽഹി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഉനദ്കട്ട് ശിഖർ ധവാനെ പുറത്താക്കി. 11 പന്തുകളിൽ നിന്നും 9 റൺസെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകൻ സഞ്ജു സാംസൺ പുറത്താക്കി. ഇതോടെ 3.1 ഓവറിൽ 16 ന് രണ്ട് എന്ന സ്കോറിലേക്ക് ഡൽഹി വീണു.

പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേർന്ന് ഡൽഹി ഇന്നിങ്സ് മുന്നോട്ട് നയിച്ചെങ്കിലും സ്കോറിങ്ങിന് വേഗം കുറഞ്ഞു. വൈകാതെ രഹാനെയെ പുറത്താക്കി ഉനദ്കട്ട് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ആറാം ഓവറിലെ അവസാന പന്തിൽ മികച്ച ഒരു സ്ലോ ബോളിലൂടെ രഹാനെയെ ഉനദ്കട്ട് തന്നെ പിടിച്ച് പുറത്താക്കി. വെറും എട്ട് റൺ്സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിങ് പവർപ്ലേ അവസാനിച്ചപ്പോൾ ഡൽഹി മൂന്നു വിക്കറ്റിന് 36 റൺസ് എന്ന നിലയിലായി.

തൊട്ടടുത്ത ഓവറിൽ അപകടകാരിയായ മാർക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുർ റഹ്മാൻ ഡൽഹിയെ തകർത്തു. മികച്ച ഒരു സ്ലോ ബോളിലൂടെ സ്റ്റോയിനിസ് പുറത്താവുമ്പോൾ 37 ന് നാല് എന്ന ദാരുണമായ നിലയിലായി ഡൽഹി. പിന്നീട് ഒത്തുചേർന്ന പന്ത്-ലളിത് യാദവ് സഖ്യം ടീം സ്കോർ 50 കടത്തി.

രാഹുൽ തെവാത്തിയ എറിഞ്ഞ 11-ാം ഓവറിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ 20 റൺസ് നേടി ഋഷഭ് പന്ത് സ്കോർ ഉയർത്തി. വൈകാതെ താരം അർധസെഞ്ചുറി പൂർത്തിയാക്കി. 30 പന്തുകളിൽ നിന്നുമാണ് താരം ഐ.പി.എൽ കരിയറിലെ 13-ാം അർധസെഞ്ചുറി സ്വന്തമാക്കിയത്. പിന്നാലെ ലളിതിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയർത്തി.

12-ാം ഓവറിലെ നാലാം പന്തിൽ അനാവശ്യ റണ്ണിന് ഓടിയ പന്ത് റൺ ഔട്ടായി പുറത്തായി. 32 പന്തുകളിൽ നിന്നും ഒൻപത് ബൗണ്ടറികളുടെ സഹായത്തോടെ 51 റൺസെടുത്താണ് താരം മടങ്ങിയത്. പന്ത് പുറത്താകുമ്പോൾ ഡൽഹി 88 ന് അഞ്ച് എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ടോം കറനെ കൂട്ടുപിടിച്ച് ലളിത് ടീം സ്കോർ 100 കടത്തി. എന്നാൽ തൊട്ടുപിന്നാലെ ലളിതിനെ തെവാത്തിയയുടെ കൈയ്യിലെത്തിച്ച് ക്രിസ് മോറിസ് ഡൽഹിയുടെ ആറാം വിക്കറ്റ് വീഴ്ത്തി. 20 റൺസാണ് അരങ്ങേറ്റ മത്സരത്തിൽ ലളിത് നേടിയത്.

അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്സും ചേർന്നാണ് ഡൽഹിയെ മാന്യമായ സ്കോറിലെത്തിച്ചത്. ടോം കറൻ 21 റൺസും വോക്സ് 15 റൺസുമെടുത്തു. മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹി ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല.

രാജസ്ഥാന് വേണ്ടി ജയ്ദേവ് ഉനദ്കട്ട് നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റുകൾ വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ക്രിസ് മോറിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week