തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിക്കെതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ബന്ധു നിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ന്യുനപക്ഷ കോർപ്പറേഷനിൽ ബന്ധുവായ അദീബിനെ നിയമിച്ചതിനെതിരെയാണ് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.