ന്യൂഡല്‍ഹി : കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിര്‍ദേശം.കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന 53 ശതമാനത്തിനു മുകളില്‍ ഒരിക്കല്‍പോലും ഉയര്‍ന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ഫെബ്രുവരി രണ്ടാംവാരം സംസ്ഥാനത്തെ പ്രതിദിന ആര്‍.ടി.പി.സി.ആര്‍. പരിശോധന 33.7 ശതമാനമായിരുന്നു. ഏറ്റക്കുറച്ചലുകള്‍ക്കുശേഷം, മാര്‍ച്ച് പകുതിയോടെ അത് 53.1 ശതമാനമായി.
അതിനുശേഷം വീണ്ടും കുറയാന്‍ തുടങ്ങി. മാര്‍ച്ച് 31-നും ഏപ്രില്‍ ആറിനും ഇടയിലുള്ള ആഴ്ചയില്‍ പരിശോധന 45.7 ശതമാനമാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിര്‍ദേശം.
ഫെബ്രുവരിയില്‍ കേരളത്തിലെ പ്രതിദിന കേസുകള്‍ 4977 വരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് ഒടുവില്‍ അത് 1800 വരെ എത്തിയെങ്കിലും പിന്നീട് വീണ്ടും വര്‍ധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.നിലവില്‍ പ്രതിദിനം ശരാശരി 2578 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ പോസിറ്റിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയില്‍ 8.10 ശതമാനം ആയിരുന്നത് മാര്‍ച്ച് 17-നും 23-നുമിടയില്‍ 1.44 ശതമാനം വരെ കുറഞ്ഞിരുന്നു. ഇപ്പോഴത് വീണ്ടും ഉയര്‍ന്ന് 5.09 ശതമാനമായി. ഈ ആഴ്ചയിലെ കണക്കുപ്രകാരം ശരാശരി 13 പേരാണ് കേരളത്തില്‍ ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായതോടെ പുനെയില്‍ ചികിത്സാസൗകര്യങ്ങള്‍ തികയാതെയായി. ശ്വാസതടസം മൂലം പിടഞ്ഞ രോഗികള്‍ക്കു കാത്തിരിപ്പ് മേഖലയുടെ ഒരു ഭാഗത്തു കിടക്കാന്‍ ഇടമുണ്ടാക്കിയാണ് ഓക്‌സിജന്‍ നല്‍കിയത്. 55 ഐസിയു ബെഡുകളടക്കം 400 ബെഡുകളുള്ള പിംപ്രിയിലെ യശ്വന്ത്‌റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയാണ് കോവിഡിന്റെ രണ്ടാംതരംഗത്തിലെ രൂക്ഷത വ്യക്‌തമാക്കുന്ന വേദിയായത്.
ശ്വാസംകിട്ടാതെ പിടയുന്നവരെപ്പോലും കിടത്താന്‍ ബെഡ് ഒഴിവില്ലാത്ത അവസ്‌ഥ. ഓക്‌സിജന്‍ നല്‍കേണ്ടത്ര ഗുരുതരാവസ്‌ഥയില്‍ എത്തുന്നവരെ മാത്രമാണു മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കാതെ അഡ്‌മിറ്റ് ചെയ്യുന്നത്. ഇവര്‍ക്കായി താല്‍ക്കാലിക സൗകര്യം ക്രമീകരിക്കും. തിങ്കളാഴ്‌ച മാത്രം പുനെ ജില്ലയില്‍ 8,075 പേര്‍ക്കാണു പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്.
ഇവിടെ ആകെ 5.8 ലക്ഷം പേര്‍ക്കാണു കോവിഡ് ബാധിച്ചത്.രോഗികളുടെ എണ്ണം കുതിച്ചതിനെ തുടര്‍ന്നു ജില്ലയിലെ ആരാധനാലയങ്ങളും ഹോട്ടലുകളും സിനിമാ തീയറ്ററുകളും ഒരാഴ്‌ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്