ഏറ്റുമാനൂർ:ലതിക സുഭാഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഏറ്റുമാനൂരിൽ നടന്ന കൺവെൻഷനിലാണ് ഇക്കാര്യം അവർ പ്രഖ്യാപിച്ചത്. താൻ ഇപ്പോഴും കോൺഗ്രസുകാരിയാണെന്നും മറ്റു പാർട്ടികളിലേയ്ക്ക് പോകില്ലെന്നും അവർ പറഞ്ഞു.
പാർട്ടി ഏറ്റുമാനൂരിൽ തനിക്ക് സീറ്റ് നൽകും എന്ന് വിശ്വസിച്ച വിഡ്ഢിയാണ് താനെന്ന് കൺവെനഷിൽ ലതിക സുഭാഷ് പറഞ്ഞു. മൂന്നുപതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരിൽ പൊതുപ്രവർത്തനം നടത്തിയ താൻ കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലതിക പ്രസംഗം ആരംഭിച്ചത്. ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് തല മുണ്ഡനം ചെയ്ത് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.
‘എന്റെ പ്രസ്ഥാനത്തോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല. ശരീരത്തിൽ പഴുത്ത വൃണം ഞെക്കിക്കളയുമ്പോൾ വേദനയുണ്ടാകും. പക്ഷേ അത് പുറത്തുപോയില്ലെങ്കിൽ അതീവ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ഒരു സ്ത്രീക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ പുരുഷനേക്കാൾ ബുദ്ധിമുട്ടാണ്’, ലതിക പറഞ്ഞു.
ഏറ്റുമാനൂരില ജനങ്ങൾ കൈ അടയാളത്തിൽ വോട്ട് ചെയ്യാൻ വേണ്ടി കൊതിക്കുകയാണെന്ന് പറഞ്ഞ ലതിക 1987-ൽ ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച സംഭവവും ഓർമിപ്പിച്ചു. ‘ജോർജ് ജോസഫ് പൊടിപ്പാറ കൈ അടയാളത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിട്ടും സീറ്റ് ലഭിച്ചില്ല. ഒടുവിൽ അദ്ദേഹം സ്വതന്ത്രനായി ഉദയസൂര്യന്റെ ചിഹ്നത്തിൽ മത്സരിച്ചു. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെടുത്തിക്കൊണ്ട് തോൽപിച്ച് അദ്ദേഹം വിജയശ്രീലാളിതനായി കടന്നുവന്ന ചരിത്രം ഏറ്റുമാനൂർ നിയോജകമണ്ഡലത്തിനുണ്ട്.
കേരള കോൺഗ്രസ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് കടുംപിടിത്തത്തിലാണ് എന്നാണ് നേതൃത്വം പറഞ്ഞത്. എന്നാൽ കേരള കോൺഗ്രസ് നേതാക്കൾ എന്നോട് പറഞ്ഞത് ഞങ്ങൾക്ക് വലിയ നിർബന്ധമൊന്നും ഇല്ലായിരുന്നു, നിർബന്ധം കോൺഗ്രസിനായിരുന്നു എന്നാണ്. സ്ത്രീകളുടെ വിഷമം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര വലിയ രാജ്യസേവനം ചെയ്തതുകൊണ്ടും കാര്യമില്ല. ഏറ്റുമാനൂർ സീറ്റ് ആഗ്രഹിക്കുന്നതായി എ.കെ. ആന്റണി ഉൾപ്പടെയുളളവരെ അറിയിച്ചിരുന്നുവെന്നും ഇല്ലങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് മാർട്ട് എട്ടിനുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ലതിക പറഞ്ഞു.
പലപ്പോഴും വികാരഭരിതയായി തൊണ്ടയിടറിക്കൊണ്ടാണ് ലതിക പ്രസംഗിച്ചത്.വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് മുതൽ 30 വർഷത്തെ തന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാനുളള തന്റെ തീരുമാനം ലതിക പ്രഖ്യാപിച്ചത്.
സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം, എ.ഐ.സി.സി.അംഗത്വം, കെ.പി.സി.സി. അംഗത്വം എന്നിവ ലതിക സുഭാഷ് രാജിവെച്ചിരുന്നു. എന്നാൽ പ്രാഥമികാംഗത്വത്തിൽ തുടരുമെന്നാണ് അവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.