കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ഒരു സര്‍വ്വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാര് ഉള്ളത് കോണ്‍ഗ്രസിലാണെന്നും നടന് ധര്മജന് ബോള്‍ഗാട്ടി. കോണ്‍ഗ്രസിലുള്ള കലാകാരന്മാരുടെ പേരു എടുത്ത് പറയുന്നില്ല. ഇനിയും സിനിമയില്‍ നിന്നു കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ധര്മജന് പറയുന്നു.
തന്നോടൊപ്പം പിഷാരടി കൂടി വരുമ്പോള്‍ യുവാക്കള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ധര്മ്മജന്. സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളു. രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായാലും മരിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രവര്ത്തകന് മാത്രമായിരിക്കും.
കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യമുണ്ട്. എന്റെ നാട്ടില്‍ പാലം വരുന്നതിന് മുന്‍പ് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു. ഒപ്പം കുടിവെള്ള പ്രശ്നവും രൂക്ഷമായിരുന്നു. കുടിവെള്ളത്തിനായി സമരം ചെയ്ത് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്.
രാഷ്ട്രീയക്കാര്‍ സിനിമയും കാണും മീനും തിന്നും. രാഷ്ട്രീയം സിനിമ മീന്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തനിക്ക് മൂന്നും ഒരുപോലെയാണ്. താരസംഘടന അമ്മയില്‍ രാഷ്ട്രീയമില്ലെന്നും ധര്മജന് പറഞ്ഞു. അഥവാ രാഷ്ട്രീയം വന്നാല്‍ താന്‍ ഇടപെടുകയും ചെയ്യും.