തിരുവനന്തപുരം: കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ മർദ്ദനമേറ്റെന്ന ആരോപണത്തിൽ അന്വേഷണവിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ശുപാർശ. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡിഐജി പറഞ്ഞു. തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജയിൽ വകുപ്പ് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ജയിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്.
മൂന്നു ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയാണ് അന്വേഷണവിധേയമായി മാറ്റുന്നത്. ഉദ്യോഗസ്ഥർ ടിറ്റു ജെറോമിനെ മർദ്ദിച്ചുവെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ടിറ്റു ഇപ്പോൾ മെഡിക്കൽ കൊളജിൽ ആശുപത്രിയിലാണ്. ചീഫ് വെൽഫയർ ഓഫീസർ തുടർ നടപടി സ്വീകരിക്കും. തടവുകാർക്ക് ജയിൽ മാറ്റം ആവശ്യമെങ്കിൽ അതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജയിൽവകുപ്പ് കോടതിയെ അറിയിച്ചു.
ജയിലിൽ വച്ച് പരിക്കേറ്റ ടിറ്റുവിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. ജയിലിൽക്കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്‍റെ ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മർദ്ദന വിവരം പുറത്ത് വന്നത്.