രാജസ്ഥാൻ: പിപിഇ കിറ്റ് ധരിച്ച് വിവാഹിതരാകേണ്ടി വന്ന ഒരു വധുവിന്റെയും വരന്റെയും വിവാഹദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബാരൻ ജില്ലയിലെ ഷഹാബാദ് പട്ടണത്തിൽ കെൽവാര കൊറോണ സെന്ററിലാണ് അസാധാരണ വിവാഹം നടന്നത്.വരനും വധുവും പുരോഹിതനും ഉൾപ്പെടെയുള്ളവർ പിപിഇ കിറ്റ് ധരിച്ചാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പിപിഇ കിറ്റ് ധരിച്ച് ചടങ്ങുകൾ നടത്തിയത്.
രോഗം സ്ഥിരീകരിച്ചെങ്കിലും നിശ്ചയിച്ച സമയത്ത് കൊറോണ സെന്ററിൽ വെച്ച് വിവാഹം നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. പൂർണമായും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. രാജസ്ഥാൻ സർക്കാർ വിവാഹചടങ്ങുകളിൽ 100 പേർക്ക് പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിവാഹം നടക്കുന്ന ഹാളിന്റെ ലൈസൻസ് റദ്ദാക്കുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു. നിലവിൽ രാജസ്ഥാനിൽ 24,318 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 2.389 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.