ക്ഷേത്രത്തിനകത്തെ വിഗ്രഹവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാനെത്തിയ നാലംഗ സംഘത്തെ തുരത്തിയോടിച്ച് തെരുവുനായ. കേണിച്ചിറയ്ക്ക് അടുത്ത് പൂതാടി മഹാശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തിനകത്ത് കടന്ന് മോഷ്ടിക്കുന്നതിനായി ഇവർ രണ്ട് ദിവസം മുൻപ് തന്നെ പ്ളാനൊക്കെ നടത്തിയിരുന്നു. എന്നാൽ, ഈ ശ്രമമാണ് ക്ഷേത്രത്തിന് പുറത്ത് എപ്പോഴും കാവൽ നിന്നിരുന്ന തെരുവുനായ പൊളിച്ചത്.
മോഷ്ടാക്കൾ രണ്ട് ദിവസം മുൻപ് സ്ഥലത്തെത്തി ചുറ്റുപാടുകൾ നിരീക്ഷിച്ചു. ഒന്നരയാൾ പൊക്കമുള്ള ചുറ്റുമതിൽ രാത്രി ചാടി കടക്കുന്നതിനായി സമീപത്ത് നിന്നും ഒരു പലകയുടെ തട്ടും കണ്ടെത്തി. ശേഷം സംഭവദിവസം മോഷ്ടാക്കൾ മതിൽ ചാടിക്കടന്ന് ക്ഷേത്രത്തിനകത്തെത്തി. എന്നാൽ, ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന തെരുവുനായ ഇവരെ കണ്ടതും കുരച്ചെത്തി.
തെരുവുനായയുടെ കുര കേട്ട് സമീപത്ത് തന്നെ താമസിക്കുകയായിരുന്ന ശാന്തിക്കാരൻ ഓടിയെത്തി. എന്നാൽ, ശാന്തിക്കാരന് നേരെ മോഷ്ടാക്കൾ കത്തിയുമായി തിരിഞ്ഞു. ഇതോടെ ഉച്ചത്തിൽ കുരച്ച് നായ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ രക്ഷപെടാൻ മോഷ്ടാക്കൾ ശ്രമിച്ചെങ്കിലും സാധ്യമായില്ല. നാട്ടുകാരെത്തി നാലംഗ സംഘത്തെ പൊലീസിലേൽപ്പിച്ചു.
എന്നും ക്ഷേത്രത്തിനു പുറത്താണ് നായ കിടക്കാറുള്ളത്. ഒന്നരയാൾപ്പൊക്കമുള്ള ചുറ്റുമതിൽ നായ എങ്ങനെ ചാടിക്കടന്നുവെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു.