തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ വിതരണത്തിൽ എല്ലാ ജില്ലകളിലും ക്രമക്കേട്. കൊല്ലം സ്വദേശിയുടെ ഒരു തകരാറുമില്ലാത്ത വീട് അറ്റകുറ്റപ്പണി നടത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നാല് ലക്ഷം രൂപ അനുവദിച്ചതായി വിജിലൻസ് കണ്ടെത്തി.
തിരുവനന്തപുരം മാറനല്ലൂർ സ്വദേശിക്ക് അപ്പന്‍ഡിസൈറ്റിസ് രോഗത്തിന് ആകെ ഒരു ദിവസം ചികിത്സ തേടിയ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നൽകി. പത്തനംതിട്ടയിൽ 268 അപേക്ഷകളിൽ ഒരാളിന്റെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തി. തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോൺനമ്പർ ഒന്നുതന്നെയാണെന്നും കണ്ടെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനർഹർ തട്ടിയെടുത്ത സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ എടുക്കുന്നതിന് വിജിലൻസ് സർക്കാരിനു ശുപാർശ നൽകും. തട്ടിപ്പ് ഒഴിവാക്കുന്നതിനായി ആറു മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി കലക്ട്രേറ്റുകളിൽ സ്പെഷൽ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിന് സർക്കാരിനോട് ആവശ്യപ്പെടും. ഇന്നു നടത്തിയ തുടർ പരിശോധനയിലും വിജിലൻസ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
തിരുവനന്തപുരം
കാരോട് സ്വദേശി മുഖേന നെയ്യാറ്റിൻകര താലൂക്കിലെ ഇരുപതിലധികം പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായം ലഭിച്ചതായി കണ്ടെത്തി. കരൾ രോഗമെന്ന് രേഖപ്പെടുത്തിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുള്ള അപേക്ഷ ഹൃദ്രോഗമെന്ന് കാണിച്ച് സർക്കാരിലേക്ക് സമർപ്പിച്ചു. വർക്കല താലൂക്ക് ഓഫിസിൽ നടത്തിയ പരിശോധനയിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ആറ് അപേക്ഷകൾ അയച്ചിരിക്കുന്നതായി കണ്ടെത്തി.
കൊല്ലം
പടിഞ്ഞാറേ കല്ലട സ്വദേശിയായ ഒരാൾക്ക് പ്രകൃതി ക്ഷേഭത്തിൽ വീടിന്റെ 76% കേടുപാട് സംഭവിച്ചതിൽ 4 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ, വിജിലൻസ് നടത്തിയ സ്ഥല പരിശോധനയിൽ വീടിനു കേടുപാട് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. അപേക്ഷകനെ നേരിൽ കണ്ട് ചോദ്യം ചെയ്തപ്പോൾ, അയാൾ അപേക്ഷ നൽകുകയോ സ്ഥല പരിശോധനയ്ക്ക് ഉദ്യോഗസ്ഥരാരും വന്നിട്ടില്ലെന്നും അക്കൗണ്ടിൽ വന്ന പണം ചെലവഴിച്ചിട്ടില്ലെന്നും വ്യക്തമായി. കരുനാഗപ്പള്ളി താലൂക്കിൽ നടത്തിയ പരിശോധനയിൽ 18 അപേക്ഷകളിൽ 13 എണ്ണത്തിലും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കരുനാഗപ്പള്ളി നെഞ്ച് രോഗാശുപത്രിയിലെ ഒരു ഡോക്ടറാണെന്നും അതിൽ 6 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഒരു വീട്ടിലെ അംഗങ്ങൾക്കും രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ മറ്റൊരു വീട്ടിലെ അംഗങ്ങൾക്കുമാണെന്നും വിജിലൻസ് കണ്ടെത്തി.
പത്തനംതിട്ട
കൂടൽ വില്ലേജ് ഓഫിസിൽ 2018-2022 വരെയുള്ള കാലയളവിലെ 268 അപേക്ഷകളിൽ ഒരാളിന്റെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും 5,000 രൂപയിൽ കൂടുതൽ ധനസഹായം ലഭിക്കാൻ മറ്റ് ചികിത്സാരേഖകൾ ആവശ്യമാണെന്നിരിക്കേ പല അപേക്ഷകളിലും ആവശ്യമായ ചികിത്സാ രേഖകൾ ഇല്ലാതെ ധനസഹായം അനുവദിച്ചതായും കണ്ടെത്തി. കോഴഞ്ചേരി താലൂക്കിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ധനസഹായം ലഭിച്ചിട്ടുള്ളതായും ചിലർക്ക് അപേക്ഷ സമർപ്പിച്ച് 2 വർഷ കാലാവധി പൂർത്തിയാകുന്നതിന് മുൻപു തന്നെ വീണ്ടും ധനസഹായം നൽകിയിട്ടുള്ളതായും കണ്ടെത്തി. അടൂർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ 61 അപേക്ഷകളിൽ ഒരാളുടെ ഫോൺ നമ്പരായിരുന്നു.
ആലപ്പുഴ
പരിശോധിച്ച 14 അപേക്ഷകളിൽ പത്തെണ്ണത്തിലും ഒരു ഡോക്ടർ തന്നെ സർട്ടിഫിക്കറ്റ് നൽകി. ഒരു ദിവസം തന്നെ 9 ചികിത്സാ സർട്ടിഫിക്കറ്റുകൾ ഇതേ ഡോക്ടർ വിവിധ രോഗികൾക്ക് നൽകിയതായും വിജിലൻസ് കണ്ടെത്തി.
കോട്ടയം
മുൻ കോണ്ടൂർ വില്ലേജ് ഓഫിസർ, മുൻ ആനിക്കാട് വില്ലേജ് ഓഫിസർ, മുൻ എരുമേലി വടക്ക് വില്ലേജ് ഓഫിസർ, നീഴൂർ വില്ലേജ് ഓഫിസർ തുടങ്ങിയവർ ശരിയായി അന്വേഷണം നടത്താതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇടുക്കി
തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിൽ അപേക്ഷകന്റെ ഫോൺനമ്പർ ഒന്നുതന്നെയാണെന്നും ഇവയെല്ലാം ഒരേ അക്ഷയസെന്റർ വഴി സമർപ്പിച്ചതാണെന്നും വിജിലൻസ് കണ്ടെത്തി.
പാലക്കാട്
ആലത്തൂർ വില്ലേജ് ഓഫിസിൽ ലഭിച്ച 78 അപേക്ഷകളിൽ 54 എണ്ണത്തിലും ഒരു ആയൂർവേദ ഡോക്ടറും 13 എണ്ണത്തിൽ മറ്റൊരു ആയുർവേദ ഡോക്ടറും 12 അപേക്ഷകളിൽ വേറൊരു ആയുർവേദ ഡോക്ടറും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതാണെന്നും ഈ ഡോക്ടർമാരെല്ലാം തന്നെ ഒരു സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ ജോലി നോക്കി വരുന്നവരാണെന്നും കണ്ടെത്തി.
കോഴിക്കോട്
തളക്കളത്തൂർ വില്ലേജിലെ വിദേശമലയാളിയുടെ മകന് മെഡിക്കൽ ചികിത്സയ്ക്കായി 3 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും മറ്റൊരു സർക്കാർ ഉദ്ദ്യോഗസ്ഥന്റെ അമ്മയ്ക്ക് 25000 രൂപ ചികിത്സാ ധനസഹായം അനുവദിച്ചിട്ടുള്ളതായും കണ്ടെത്തി.
മലപ്പുറം
എടക്കര വില്ലേജിൽ ഒരു ഏജന്റ് മുഖേന സമർപ്പിക്കുന്ന അപേക്ഷകളിലെല്ലാം ഒരേ ഡോക്ടർ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നും ഒരേ അക്ഷയ സെന്റർ വഴിയാണ് അപേക്ഷകൾ സ്വീകരിച്ച് വരുന്നതെന്നും കണ്ടെത്തി.