KeralaNews

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം നൽകി 81 ലക്ഷം തട്ടി; മുൻ സെക്രട്ടറിയേറ്റ് ജീവനക്കാൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ. മലയൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോയാണ് ബാലരാമപുരം പൊലീസിന്‍റെ പിടിയിലായത്. രാമപുരം സ്വദേശിയുടെ പക്കൽ നിന്ന് 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്.

രാമപുരം സ്വദേശി അംബികയാണ് തട്ടിപ്പിനിരയായത്. അംബികയുടെ മകൻ ജിതിൻ ജോണിന് സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അംബികയുടെ ബന്ധു കൂടിയായ ഷൈജിൻ ബ്രിട്ടോ പണം തട്ടിയത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്നായിരുന്നു ഷൈജിൻ ബ്രിട്ടോയുടെ വാഗ്ദാനം.

ഇത് വിശ്വസിപ്പിച്ച്  2021 ഏപ്രിൽ 21 മുതൽ 2022 ഫെബ്രുവരി 7 വരെ പല ഘട്ടങ്ങളിലായി എൺപത്തി ഒന്ന് ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഷൈജിൻ ബ്രിട്ടോ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് അംബിക ബാലരാമപുരം പൊലീസിന് പരാതി നൽകിയത്.

ഷൈജിൻ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേർന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്യുമെന്‍റുകൾ നൽകി ജോലി നല്‍കാതെ ചതിച്ചെന്നാണ് അംബിക പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്ത്. പേരൂർക്കടയിൽ നിന്നാണ് ഷൈജിൻ ബ്രിട്ടോയെ പൊലീസ് പിടികൂടിയത്.

ജോലിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളെ മുമ്പ് സെക്രട്ടറിയേറ്റിൽ നിന്ന് പിരിച്ചുവിട്ടതാണ്. ഇത്തരം തട്ടിപ്പ് ഇയാൾ നടത്തുന്നതായി മാസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമാനമായി മറ്റ് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button