67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍മാര്‍ ധനുഷ്, മനോജ് വാജ്‌പേയി, നടി കങ്കണ… നേട്ടം കൊയ്ത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ന്യൂഡൽഹി:കാത്തിരിപ്പിനൊടുവില്‍ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു . കൊറോണയും ലോക്ക്ഡൗണുമെല്ലാം കാരണം പുരസ്‌കാര പ്രഖ്യാപനം വൈകിപ്പോയിരുന്നു. രണ്ട് മാസത്തോളമാണ് പ്രഖ്യാപനം വൈകിയത്. എങ്കിലും സിനിമാപ്രേമികളില്‍ ആവേശം നിറച്ചു കൊണ്ട് പുരസ്‌കാര പ്രഖ്യാപനം നടന്നിരിക്കുകയാണ്.
മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ നേടി. വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള പുരസ്കാരമുണ്ട്.
സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാനപുരസ്കാരവും സിദ്ധാർഥിനായിരുന്നു. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരത്തിന് അർഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്കാരനേട്ടമുണ്ട്.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധായകൻ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിങ്ങ് അർജുൻ ഗോരിസരിയ. രാധ എന്ന ആനിമേഷൻ ചിത്രത്തിനാണ് മികച്ച ഒാഡിയോഗ്രാഫിക്കുള്ള പുരസ്കാരം. സപർഷി സർക്കാറിന് ഒാൺ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് പുരസ്കാരം. മികച്ച ഛായാഗ്രഹക സവിതാ സിങ്. മികച്ച സംവിധായകൻ നോക്ക് നോക്ക് സംവിധാനം ചെയ്ത സുധാൻഷു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടി. ആൻ എഞ്ചിനീയർഡ് ഡ്രീം ആണ് മികച്ച നോൺ ഫീച്ചർ സിനിമ. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം സിക്കിം നേടി.
മലയാളത്തില്‍ നിന്നും 17 സിനിമകളാണ് വിവിധ പട്ടികകളില്‍ ഇടം നേടിയത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ജല്ലിക്കട്ട്, ആഷിഖ് അബുവിന്റെ വൈറസ്, ഇന്ദ്രന്‍സ് പ്രധാന വേഷങ്ങളിലെത്തിയ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ന നേടിയ വെയില്‍ മരങ്ങള്‍, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങിയ വാസന്തി, കുമ്പളങ്ങി നൈറ്റ്‌സ്, സമീര്‍, ഉണ്ട, ഇഷ്‌ക്, മൂത്തോന്‍ തുടങ്ങിയ സിനിമകളാണ് പട്ടികയില്‍ ഇടം നേടിയത്
അഞ്ച് പ്രദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് സമര്‍പ്പിച്ചത്. ഈ അന്തിമ പട്ടികയിലെ ചിത്രങ്ങള്‍ ദേശീയ ജൂറി അംഗങ്ങള്‍ കണ്ട് വിലയിരുത്തിയ ശേഷമാണ് പുരസ്കാരപ്രഖ്യാപനം നടന്നത്