മുംബൈ : രാജ്യത്ത് ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിക്കുക.ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍ എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ നിരവധി സാങ്കേതിക വിദ്യകളുടെ പേറ്റന്‍റ് ഇന്ത്യൻ ഡെവലപ്പർമാരിൽ ലഭ്യമാണെന്നാണ് ഇതിന് അദ്ദേഹം ഉദാഹരണമായി പറയുന്നത്.
ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഐഐടി ഹൈദരാബാദ് ബൂത്ത് മന്ത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് 5G-യെ അപേക്ഷിച്ച് നെറ്റ്‌വർക്ക് വേഗതയും കൈവരിക്കാന്‍ കഴിയുന്ന 6G ടെക്‌നോളജി പ്രോട്ടോടൈപ്പുകൾ ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ പ്രോട്ടോടൈപ്പുകള്‍ 5ജിയെക്കാള്‍ 2-3 മടങ്ങ് കൂടുതൽ സ്പെക്ട്രൽ കാര്യക്ഷമതയും കൈവരിക്കും എന്നാണ് ഐഐടി അവകാശപ്പെടുന്നത് .
ടെലികോം ലോകത്തെ 5G-യിൽ നിന്ന് 6G-യിലേക്ക് കൊണ്ടുപോകുന്നതിനായി വികസിപ്പിച്ചെടുത്ത സാങ്കേതിക വികസനങ്ങളിൽ പലതും ഇതിനകം സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ഡെവലപ്പർ കമ്മ്യൂണിറ്റിക്ക് ഇതിന്‍റെ പേറ്റന്റുകൾ ലഭ്യമാണെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു.
6ജിയിൽ ഇന്ത്യ മുൻകൈ എടുക്കണമെന്നാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.”നാം 6ജിയിൽ മുന്‍നിരക്കാരാകണം. അതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണ്, വൈഷ്ണവ് പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (DoT) പ്രകാരം, 5G സാങ്കേതികവിദ്യ 4G-യേക്കാൾ പത്തിരട്ടി മികച്ച ഡൗൺലോഡ് വേഗതയും മൂന്നിരട്ടി സ്പെക്ട്രം കാര്യക്ഷമതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
അതേ സമയം തന്നെ രാജ്യത്തിന്റെ എല്ലാ കോണുകളിലും നെറ്റ് വർക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത 500 ദിവസത്തിനുള്ളിൽ 25000 പുതിയ ടവറുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 26,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിനിമയ, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഒക്ടോബർ ഒന്നിന് ആരംഭിച്ച് തിങ്കളാഴ്ച സമാപിച്ച മൂന്ന് ദിവസത്തെ “സംസ്ഥാന ഐടി മന്ത്രിമാരുടെ ഡിജിറ്റൽ ഇന്ത്യ കോൺഫറൻസിൽ” വെച്ചായിരുന്നു പ്രഖ്യാപനം. ആദ്യ ദിവസം വൈഷ്ണവിന്റെ അധ്യക്ഷതയിൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചർച്ച നടന്നു. ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളുടെ മുൻഗണനാ മേഖലകളെക്കുറിച്ചായിരുന്നു ചർച്ച.
ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ, ആന്ധ്രാപ്രദേശ്, അസം, ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, തെലങ്കാന, മിസോറാം എന്നീ 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഐടി മന്ത്രിമാരും സിക്കിമും പുതുച്ചേരിയും എന്നിവിടങ്ങളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായമായി 2,000 കോടി രൂപയും അനുവദിച്ചു. സബ്‌കാ സാത്തിന്റെയും സബ്‌കാ വികാസിന്റെയും മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഡിജിറ്റൽ ഇന്ത്യയെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനും ആത്മനിർഭർ ഭാരത്, ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ യാഥാർത്ഥ്യമാക്കുന്നതിനും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പിന്തുണ പ്രധാനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
രണ്ടാം ദിവസം, ‘ഐടി നിയമങ്ങൾ, ഓൺലൈൻ ഗെയിമിംഗ്, ഡാറ്റാ ഗവേണൻസ്’, ‘ഡിജിറ്റൽ ഇന്ത്യ ഭാഷിണി & ഡിജിറ്റൽ പേയ്‌മെന്റ്’, ‘മൈ സ്കീം, മേരി പെഹ്‌ചാൻ’ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് MeitY മൂന്ന് സെഷനുകൾ സംഘടിപ്പിച്ചു.
പൗര കേന്ദ്രീകൃതവും ബിസിനസ് കേന്ദ്രീകൃതവുമായ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ ഏറ്റവും പുതിയ സംരംഭങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.