കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, വടവുകോട്– പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതു പരീക്ഷകൾക്കു മാറ്റമില്ല.
തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷനും ജില്ലാ കലക്ടർക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്ലാന്റിൽ ഇന്നു രാത്രി 8 മണിക്കകം വൈദ്യുതി എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണത്തിന് ശക്തമായ സംവിധാനം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി കൊച്ചി കോർപ്പറേഷനെയും, ജില്ല കലക്ടറെയും രൂക്ഷമായി വിമർശിച്ചത്. ജില്ലാ കലക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നുവെന്ന് കലക്ടർ വിശദീകരിച്ചപ്പോൾ നടപടികൾ വേണ്ടവിധം പൊതുജനശ്രദ്ധയിൽ എത്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.