KeralaNews

ഗുണ്ടാപ്പിരിവ് കൊടുത്തില്ല; 18 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ബാലരാമപുരത്തെ ഗുണ്ടാ ആക്രമണം ഗുണ്ടാപ്പിരിവ് കൊടുക്കാത്തതിലുള്ള വിരോധത്തെത്തുടര്‍ന്നെന്നു പോലീസ്. പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും വഴിയാത്രക്കാരെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഒരാളെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.

നരുവാമൂട് വിഷ്ണു ഭവനില്‍ മിഥുന്‍ (25) നെയാണ് ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം അക്രമത്തിന് നേതൃത്വം നല്‍കിയ മാറനല്ലൂര്‍ സ്വദേശി വിപിനു വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബാലരാമപുരം, എരുവത്തൂര്‍, റസല്‍പുരം എന്നീ പ്രദേശങ്ങളില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന 18 വാഹനങ്ങളാണ് അക്രമം സംഘം അടിച്ചു തകര്‍ത്തത്. വഴിയാത്രക്കാരായ സ്ത്രീകളെയും പുരുഷന്‍മാരെയും ഇവര്‍ ആക്രമിച്ചു.

പ്രദേശത്തു പാര്‍ക്ക് ചെയ്തിരുന്ന ലോറി ഡ്രൈവറോടു ഗുണ്ടാപ്പിരിവ് അക്രമിസംഘം ചോദിക്കുകയും കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തതാണ് അക്രമത്തിനു കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതെന്നു പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഒന്നര കിലോമീറ്റര്‍ പ്രദേശത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്തത്.

ഒന്‍പതു ലോറികളും മൂന്നു കാറുകളും അഞ്ചു ബൈക്കുകള്‍ ഉള്‍പ്പെടെ അക്രമികള്‍ തകര്‍ത്തു. ലഹരി സംഘത്തിലെ അംഗങ്ങളായ പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. മിഥുനിനെതിരെ തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജീപ്പ് ആക്രമിച്ചതിനു കേസ് നിലവിലുണ്ട്. വിപിനെതിരെയും കേസ് നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. അക്രമികള്‍ക്കു സഹായം ചെയ്തവരെ ഉള്‍പ്പെടെ പിടികൂടും. അറസ്റ്റിലായ മിഥുനിനെ കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button