കോട്ടയം: എല്ലാ മതങ്ങളെയും നാം ബഹുമാനിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ ഏലിയാസ് കുര്യാക്കോസ് സ്വർഗ പ്രാപ്തിയുടെ 150–ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 9 മണിയോടെ മാന്നാനത്ത് എത്തിയ ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്സ് സീറോ മലബാർ ദയറാ പള്ളിയിലെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി.
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി എന്നിവർ സന്നിഹിതരായിരുന്നു. വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ 150ാം ചരമവാർഷികത്തോടനുബന്ധിച്ച് ഓർമ്മത്തിരുനാളായ ഇന്ന്( ജനുവരി മൂന്നിന്) മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ഉപരാഷ്ട്രപതി.
പള്ളിയിലെ പ്രധാന അൾത്താരയും മറ്റു ചെറിയ നാലു അൾത്താരകളും അദ്ദേഹം നോക്കിക്കണ്ടതിനു ശേഷം അൽപനേരം പള്ളിയിലെ മുൻനിര ബഞ്ചിൽ മന്ത്രിമാർക്കൊപ്പം ഇരുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ വിശുദ്ധരൂപം കാട്ടിക്കൊടുത്തു.
ഒറ്റപെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാർ ക്രൈസ്തവർക്ക് എതിരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയുെ അക്കൗണ്ട് മരവിപ്പിച്ചുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചു.ക്രൈസ്തവ സമൂഹത്തോടെ എന്നും സർക്കാരിന് കരുതലുണ്ട്. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ഐഎൻഎസ് ഗരുഡ നേവൽ സ്റ്റേഷനിൽനിന്ന് ഹെലികോപ്റ്ററിൽ രാവിലെ 9.30ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ മന്ത്രി വി.എൻ.വാസവൻ, ദക്ഷിണ മേഖല ഐജി പി.പ്രകാശ്, എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത, ജില്ലാ കലക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാർ, സിഎംഐ കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് റോഡു മാർഗം അദ്ദേഹം മാന്നാനത്തെത്തി. ചടങ്ങിനു ശേഷം ആർപ്പൂക്കരയിൽ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ നിന്ന് 11.04ന് ഹെലികോപ്ടറിൽ കൊച്ചിക്ക് മടങ്ങി.