InternationalNews

വ്യാജ വാര്‍ത്തകള്‍ക്ക് 15 വര്‍ഷം തടവ്; നിയമത്തില്‍ ഒപ്പുവച്ച് പുടിന്‍

മോസ്‌കോ: റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ ലഭിക്കുന്ന പുതിയ നിയമത്തില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഒപ്പുവച്ചു. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്കും റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. റഷ്യയ്ക്കെതിരെ ഉപരോധം ആവശ്യപ്പെട്ടാല്‍ പിഴയോ ജയില്‍ ശിക്ഷയോ അനുവദിക്കുന്ന ബില്ലിലും പുടിന്‍ ഒപ്പുവച്ചു.

നിയമത്തിന് പിന്നാലെ റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തിയതായി ബിബിസി അറിയിച്ചു. നിയമ നിര്‍മാണം സ്വതന്ത്ര പത്രപ്രവര്‍ത്തന പ്രക്രിയയെ കുറ്റകരമാക്കുന്നതായി ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പറഞ്ഞു. ബിബിസിക്കൊപ്പം സിഎന്‍എന്‍, ബ്ലൂംബെര്‍ഗ് എന്നീ മാധ്യമങ്ങളും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. അതിനിടെ, സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയാവാമെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍- റഷ്യ മൂന്നാംവട്ട സമാധാന ചര്‍ച്ച ഉടനുണ്ടായേക്കും. എന്നാല്‍, ചര്‍ച്ച എവിടെ നടക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം, നാറ്റോയ്ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. നോ ഫ്ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്നാണ് സെലന്‍സ്‌കി പറയുന്നത്.

അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. മരിയുപോള്‍ നഗരം റഷ്യന്‍ സേന പൂര്‍ണമായും തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കീവിലും ഖാര്‍കീവിലും സുമിയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി.

റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായ കിഴക്കന്‍ യുക്രെയ്‌നിലെ എനര്‍ഹോദാര്‍ നഗരത്തിലുള്ള സപ്പോറിക്ഷ്യ ആണവനിലയത്തിന് നേരെ വെടിയുതിര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ റഷ്യ തള്ളി.

ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎന്‍ രക്ഷാസമിതിയില്‍ ആവര്‍ത്തിച്ച് റഷ്യ. സുമിയിലും കാര്‍ക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നുപോകാന്‍ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യയോട് യുക്രൈനോട് ആവശ്യപ്പെട്ടു. അതേസമയം, വെടിനിര്‍ത്തണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകുന്നില്ല. താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്‌നോടും ആവശ്യപ്പെട്ടു. റഷ്യ ഏര്‍പ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നല്‍കിയ ബസുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.

മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നേരത്തെ ആരോപിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തിയിരുന്നു. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ മരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുടിന്റെ ആരോപണം. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന്‍ പിടിച്ചടക്കലാണ് ലക്ഷ്യമെന്നും പുടിന്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുക്രൈനില്‍ യുദ്ധം രൂക്ഷമായി തുടരുകയാണ്. കീവില്‍ വീണ്ടും ഷെല്ലാക്രമണം ഉണ്ടായി. മരിയോപോളില്‍ ഭക്ഷണവും വെളളവും കിട്ടാതെ നിരവധി ജനങ്ങള്‍ ബങ്കറുകളില്‍ കഴിയുകയാണ്. അതേസമയം, നോ ഫ്‌ലൈ സോണ്‍ വേണമെന്ന ആവശ്യം നാറ്റോ അംഗീകരിക്കാത്തിതിനെ സെലന്‍സ്‌കി വിമര്‍ശിച്ചു. ആണവനിലയത്തിലെ ആക്രമണത്തെ ചൊല്ലി യുഎന്‍ രക്ഷാസമിതിയില്‍ റഷ്യയുടെയും യുക്രെയ്ന്റെയും വാക്‌പോരുമുണ്ടായി. ആണവ ഭീകരവാദമാണ് റഷ്യയുടേതെന്ന് യുക്രൈന്‍ പ്രതിനിധി പറഞ്ഞു. റഷ്യന്‍ ആക്രമണം മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും യുക്രെയ്ന്‍ വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker