കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കുതിപ്പിൽ, വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ പോലും തിളങ്ങാനാകാതെ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക്ക് സി. തോമസ്. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ബൂത്തിലും ഇടതുപക്ഷത്തിന് യുഡിഎഫിനെ മറികടക്കാനായില്ല.
മണർക്കാട് കണിയാൻകുന്ന് എൽ.പി. സ്കൂളിലായിരുന്നു ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 338 വോട്ടുകളാണ് എൽ.ഡി.എഫിന് ലഭിച്ചത്. 484 വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ചു. ജെയ്ക്കിന് ചാണ്ടി ഉമ്മനേക്കാൾ 146 വോട്ട് കുറവ്. ബിജെപിക്ക് ഈ ബൂത്തിൽ ആകെ ലഭിച്ചത് 15 വോട്ടുകൾ.
എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന മന്ത്രി വാസവൻ പാമ്പാടി എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തിൽ ചാണ്ടി ഉമ്മൻ 471 വോട്ടുകൾ നേടി. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നേടിയത് വെറും 230 വോട്ടുകൾ മാത്രമായിരുന്നു. 241 വോട്ടുകളാണ് ചാണ്ടി ഉമ്മൻ കൂടുതൽ നേടിയത്.
കഴിഞ്ഞ തവണത്തേക്കാൾ പുതുപ്പള്ളി മണ്ഡലത്തിൽ പന്ത്രണ്ടായിരത്തോളം വോട്ടാണ് എൽഡിഎഫിന് ഇത്തവണ കുറവു വന്നത്. 2006-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 45,047 വോട്ടുകളാണ്. 2011ല്‍ 36,667, 2016ല്‍ 44,505, 2021-ല്‍ 54328 എന്നിങ്ങനെയായിരുന്നു എൽഡിഎഫ് നേടിയ വോട്ട്. 2021-ലെ തിരഞ്ഞെടുപ്പില്‍ ജെയ്ക്ക് നേടിയ 54328 വോട്ട് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എല്‍ഡിഎഫ് വോട്ട് ഷെയറായിരുന്നു. ഇവിടെനിന്നാണ് ഇപ്പോഴത്തെ 42425-ലേക്ക് കുറഞ്ഞിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുള്ള സഹതാപതരംഗം നിലനില്‍ക്കെ ഒരു വിജയം എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞിരുന്നു.